ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ് വിമാനം; ചെന്നൈയില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്

dot image

ചെന്നൈ: ചെന്നൈ രാജ്യാന്തരവിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിച്ച വിമാനം ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എ320 നിയോ വിമാനമാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാറ്റിന്റെ ശക്തിയില്‍ വിമാനം ഇടത്തോട്ട് ചെരിയുന്നത് ദൃശ്യങ്ങളില്‍ കാണാം. ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. കാറ്റില്‍ അകപ്പെട്ടതോടെ പൈലറ്റ് ലാന്‍ഡ് ചെയ്യുന്നതിന് പകരം വിമാനം മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഏവിയേഷന്‍ വാര്‍ത്തകളും വിവരങ്ങളും പുറത്തവിടുന്ന അക്കൗണ്ടാണ് എക്‌സില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Also Read:

തങ്ങളുടെ പൈലറ്റുമാര്‍ വ്യക്തമായ പരിശീലനം ലഭിച്ചവരാണെന്ന് വീഡിയോ വൈറലായതോടെ ഇന്‍ഡിഗോ വക്താവ് പ്രതികരിച്ചു. കൃത്യമായി ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്ത സമയങ്ങളില്‍ പൈലറ്റുമാര്‍ നടത്തുന്ന ഗോ എറൗണ്ട് എന്ന നീക്കമാണ് സംഭവസമയത്ത് പൈലറ്റ് നടത്തിയത്. ഇത് സുരക്ഷിതവും പ്രോട്ടോക്കോള്‍ പ്രകാരം അനുവദനീയമായതുമാണ്. ഇന്‍ഡിഗോ തങ്ങളുടെ ജീവനക്കാരുടേയും യാത്രക്കാരുടേയും ജീവനില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് കരതൊട്ടതോടെ കനത്ത മഴയാണ് തമിഴ്‌നാട്ടില്‍ തുടരുന്നത്. ഇന്ന് വൈകീട്ടോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ ഇതുവരെ നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 13 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂര്‍ , പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയുമാണ് ഇപ്പോഴുള്ളത്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നത്. തമിഴ്നാട്ടിലെ ഒമ്പത് തുറമുഖങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.

Also Read:

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്. ഇതോടെ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അതിശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളില്‍ ഉള്‍പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതായും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Fengal Cyclone: Indigo plane's shocking video goes viral in social media

dot image
To advertise here,contact us
dot image