ലക്‌നൗ: മുസ്ലിം പള്ളിയിൽ സർവ്വേയ്ക്ക് അനുമതി നൽകിയതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട സംഭലിലേക്ക് പോകുന്നതിൽ നിന്ന് കോൺഗ്രസ് നേതാക്കളെ തടഞ്ഞ് യുപി പൊലീസ്. പിന്തിരിയാൻ തയ്യാറാകാത്ത കോൺഗ്രസ് നേതാക്കൾ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് റോഡിൽ കുത്തിയിരിക്കുകയാണ്.
യോഗി ഭരണകൂടം പല കോൺഗ്രസ് നേതാക്കളെയും വീട്ടുതടങ്കലിലാക്കിയെന്നും ആരോപണമുണ്ട്. ലക്നൗവിലെ കോൺഗ്രസ് ആസ്ഥാനത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം ഉണ്ടായ സംഭലിലേക്ക് കോൺഗ്രസ് നേതാക്കൾ കൂട്ടമായി പോകുമെന്ന് കഴിഞ്ഞയാഴ്ച തന്നെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടത്തോട് അനുമതിയും തേടിയിരുന്നു. എന്നാൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇത് വകവെയ്ക്കാതെ കോൺഗ്രസ് നേതാക്കൾ എത്തിയതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്.
സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോള്‍ സംഭാല്‍ ഷാഹി ജുമാ മസ്ജിദ് പരിസരത്ത് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ഇക്കഴിഞ്ഞ 24-ാം തീയതിയായിരുന്നു സംഭവം. സംഘര്‍ഷത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു എന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം.
ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ആരോപണവുമായി അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് സിവില്‍ കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്‍കിയത് വിഷ്ണു ശങ്കറും ഹരിശങ്കറുമായിരുന്നു. ഹരിഹര്‍ മന്ദിര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ക്കുകയും അവിടെ മസ്ജിദ് പണിയുകയായിരുന്നു എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജി പരിഗണിച്ച സിവില്‍ കോടതി കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
Content Highlights: congress leaders barred from going to sambhal