'നമ്മളെന്താ മുയലോ'..; ആര്‍എസ്എസ് നേതാവിന്റെ 'മൂന്ന് കുട്ടി' പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി

കഴിഞ്ഞ ദിവസം നാഗ്പൂരിൽ നടന്ന യോഗത്തിലായിരുന്നു മോഹൻ ഭാഗവത് ജനസംഖ്യ നിരക്കിനെ കുറിച്ച് പരാമർശിച്ചത്

dot image

ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യ നിലനിര്‍ത്താന്‍ രണ്ടിലധികം കുട്ടികള്‍ വേണമെന്ന പരാമര്‍ശത്തില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി രേണുക ചൗധുരി. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുകയാണ്. തൊഴിലില്ലാത്ത ഒരാള്‍ക്ക് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ വിവാഹം ചെയ്ത് നല്‍കില്ല. പ്രത്യുത്പാദിപ്പിച്ചുകൊണ്ടിരിക്കാന്‍ നമ്മളെന്താ മുയലുകളാണോ എന്നും എംപി ചോദിച്ചു.

'രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് വിവാഹം എന്നത് ചിന്തിക്കാനാകില്ല. കാരണം തൊഴില്‍ രഹിതനായ ഒരാള്‍ക്ക് സ്വന്തം മകളെ വിവാഹം ചെയ്ത് നല്‍കാന്‍ ഇന്നത്തെ മാതാപിതാക്കള്‍ തയ്യാറല്ല. ജോലിയില്ലാത്തവര്‍ എങ്ങനെയാണ് തങ്ങളുടെ പങ്കാളിയെ പരിപാലിക്കുക. പണമില്ലല്ലോ. പ്രായമായ മാതാപിതാക്കള്‍ ജോലി ചെയ്ത് മക്കളെ നോക്കുകയാണ്. എന്നിട്ട് ആര്‍എസ്എസ് തലവന്‍ പറയുന്നത് കൂടുതല്‍ കുട്ടികളെ വേണമെന്നാണ്. പ്രത്യുത്പാദിപ്പിച്ചുകൊണ്ടിരിക്കാന്‍ നമ്മളെന്താ മുയലുകളാണോ. ഇത് പറയുന്നവര്‍ക്ക് എത്ര കുട്ടികളെ വളര്‍ത്താനാകും?,' രേണുക ചോദിച്ചു. രാജ്യത്ത് ഉയര്‍ന്നുവരുന്ന വിലക്കയറ്റത്തെക്കുറിച്ചും എംപി ചൂണ്ടിക്കാട്ടി. ഒരു കുടുംബത്തിലെ ആരെങ്കിലും അസുഖബാധിതനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടാല്‍ ചിലവ് വിചാരിക്കുന്നതിലും അധികമാണെന്നും രേണുക കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നാഗ്പൂരില്‍ നടന്ന യോഗത്തിനിടെ രാജ്യത്തെ ജനസംഖ്യ കുറയുന്നത് അപകടകരമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.
ജനസംഖ്യ നിരക്ക് 2.1 ശതമാനത്തില്‍ കുറവായാല്‍ അത് സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും. ഇത് രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് വരെ കാരണമാകും. ജനസംഖ്യ നിരക്ക് വര്‍ധിപ്പിക്കുന്നതോടൊപ്പം സമുദായങ്ങള്‍ക്കിടയിലെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാജ്യത്ത് ജനസംഖ്യ കുറയുന്നത് പരിഗണിക്കപ്പെടേണ്ട വിഷയമാണ്. 2.1 ശതമാനത്തില്‍ നിന്നും കുറവായാല്‍ ആ സമൂഹം തകര്‍ച്ചയിലേക്കെത്തും. ആരും തകര്‍ക്കുമെന്നല്ല, സ്വയം തകരും. നമുക്ക് കുട്ടികള്‍ രണ്ടിലധികമാണ് വേണ്ടത്, അതായത് മൂന്ന്. ഇതാണ് ജനസംഖ്യാ ശാസ്ത്രം പറയുന്നത്. ഈ നമ്പറുകള്‍ പ്രധാനമാകുന്നത് സമൂഹം നിലനില്‍ക്കണം എന്നതിനാലാണ്,' അദ്ദേഹം പറഞ്ഞു.

Content Highlight: Congress MP Renuka Chowdhury slams RSS leader Mohan Bhagwat on three children remarks, Asks if we are rabbits to reproduce

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us