ചെന്നൈ: ഫെയ്‌ഞ്ചൽ ചുഴലികാറ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും തമിഴ്‌നാട്ടിൽ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നീലഗിരി, കോയമ്പത്തൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈറോഡ്, തിരുപ്പൂർ, ഡിണ്ടിഗൽ, തേനി ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതേസമയം, തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. വിഒസി നഗറിലെ മൂന്ന് വീടുകളാണ് മണ്ണിനടിയിലായത്. രാജ്‌കുമാർ എന്നയാൾക്കും ഏഴംഗ കുടുംബത്തിനുമായി തിരച്ചിൽ തുടരുകയാണ്. സംഭവസ്ഥലത്തു നിന്നും 50 പേരെയാണ് ഒഴിപ്പിച്ചത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമർദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയിൽ ഞായറാഴ്ച ഉച്ചമുതൽ ശക്തമായ മഴയായിരുന്നു.
സംസ്ഥാനത്ത് പരക്കെ മഴ പെയ്യുന്നതിനാൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. വിഴുപ്പുറം, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി, കൃഷ്ണഗിരി, റാണിപേട്ട്, തിരിപ്പത്തൂർ, സേലം എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വിഴുപ്പുറത്ത് ഇന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദർശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പലയിടത്തും യന്ത്രങ്ങളുടെ സഹായത്തോടെ വെള്ളക്കെട്ട് വറ്റിക്കുകയാണ്. ട്രെയിൻ ഗതാഗതത്തെയും അവ ബാധിച്ചിട്ടുണ്ട്.
Content Highlights: Heavy rains to continue at tamilnadu