'മാഡം തിരക്കിലാണ്';ബ‍‍ർലിനിൽ നിന്നും വിളിച്ചപ്പോൾ സോണിയ ​ഗാന്ധി ഒരുമണിക്കൂ‍‍ർ ലൈനിൽ നി‍ർത്തി:നജ്മ ഹെപ്ത്തുള്ള

ഇപ്പോൾ പുറത്തിറങ്ങിയ 'ഇൻ പർസ്യൂട്ട് ഓഫ് ഡെമോക്രസി: ബിയോണ്ട് പാർട്ടി ലൈൻസ്' എന്ന തൻ്റെ ആത്മകഥയിലാണ് ഈ വിവരം നജ്മ ഹെപ്ത്തുള്ള പരാമർശിച്ചിരിക്കുന്നത്

dot image

ന്യൂഡൽഹി: ബർലിനിൽ നിന്ന് വിളിച്ചപ്പോൾ സോണിയാ ഗാന്ധി ഒരു മണിക്കൂർ ഫോൺ ലൈനിൽ കാത്ത് നിർത്തിയെന്ന് മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സണായിരുന്ന നജ്മ ഹെപ്ത്തുള്ള. ഇപ്പോൾ പുറത്തിറങ്ങിയ 'ഇൻ പർസ്യൂട്ട് ഓഫ് ഡെമോക്രസി: ബിയോണ്ട് പാർട്ടി ലൈൻസ്' എന്ന തൻ്റെ ആത്മകഥയിലാണ് ഈ വിവരം നജ്മ ഹെപ്ത്തുള്ള പരാമർശിച്ചിരിക്കുന്നത്. 1999-ൽ ഇൻ്റർ പാർലമെൻ്ററി യൂണിയൻ (ഐപിയു) പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നജ്മ ഹെപ്‌തുള്ള അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഈ വിവരം അറിയിക്കാനായി ബർലിനിൽ നിന്നും വിളിച്ചു. മാഡം തിരക്കിലാണ് എന്ന് ജീവനക്കാർ പറഞ്ഞതിനെ തുടർന്ന് ഒരു മണിക്കൂറോളം ഫോൺ ലൈനിൽ തുടരേണ്ടി വന്നുവെന്നാണ് നജ്മ ഹെപ്ത്തുള്ള ആത്മകഥയിൽ പറയുന്നത്. 'ഇന്ത്യൻ പാർലമെൻ്റിൽ നിന്ന് ലോക പാർലമെൻ്ററി വേദിയിലേക്കുള്ള തൻ്റെ യാത്രയുടെ പരകോടി അടയാളപ്പെടുത്തുന്ന ചരിത്രപരമായ മഹത്തായ ബഹുമതിയായിരുന്നു ഐപിയു പ്രസിഡൻസി'യെന്നും ആത്മകഥയിൽ നജ്മ ഹെപ്ത്തുള്ള ചൂണ്ടിക്കാണിക്കുന്നുണ്ട്.

ബെർലിനിൽ നിന്ന് ആദ്യം പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ ആണ് ഫോണിൽ വിളിച്ചതെന്നും അപ്പോൾ തന്നെ അദ്ദേഹത്തെ ലൈനിൽ ലഭിച്ചെന്നും ഹെപ്ത്തുള്ള ആത്മകഥയിൽ പരാമർശിക്കുന്നു. 'വാർത്ത കേട്ടപ്പോൾ അദ്ദേഹം ആഹ്ളാദിച്ചു. ആദ്യത്തെ കാര്യം ഈ ബഹുമതി ഇന്ത്യയിലേക്കാണ് വന്നത്, രണ്ടാമതായി അത് ഒരു ഇന്ത്യൻ മുസ്ലീം സ്ത്രീക്ക് വന്നതാണ്, നിങ്ങൾ മടങ്ങിവരൂ, നമുക്ക് ആഘോഷിക്കാം' എന്നായിരുന്നു ഈ വാർത്ത കേട്ടപ്പോൾ വാജ്‌പേയിയുടെ പ്രതികരണമെന്നും നജ്മ ഹെപ്ത്തുള്ള ആത്മകഥയിൽ പറയുന്നു. വൈസ് പ്രസിഡൻ്റിൻ്റെ ഓഫീസുമായും തൽക്ഷണം ബന്ധപ്പെടാൻ കഴിഞ്ഞെന്നും അവർ എഴുതിയിട്ടുണ്ട്.

'കോൺഗ്രസ് പാർട്ടി അധ്യക്ഷയും എൻ്റെ നേതാവുമായ സോണിയാ ഗാന്ധിയെ വിളിച്ചപ്പോൾ അവരുടെ ഒരു സ്റ്റാഫ് ആദ്യം പറഞ്ഞത്, 'മാഡം തിരക്കിലാണ്' എന്നാണ്. ഞാൻ ബെർലിനിൽ നിന്നാണ് വിളിക്കുന്നത്, ഒരു അന്താരാഷ്ട്ര കോളാണെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, 'പ്ലീസ് ഹോൾഡ് ദി ലൈൻ' എന്ന് അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറോളം സോണിയ എന്നോട് സംസാരിക്കാൻ തയ്യാറായില്ല' എന്നാണ് ആത്മകഥയിൽ നജ്മ ഹെപ്ത്തുള്ള കുറിച്ചിരിക്കുന്നത്. താൻ ശരിക്കും നിരാശയായിരുന്നുവെന്നും ഹെപ്ത്തുള്ള സംഭവം പരാമർശിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

'ആ കോളിന് ശേഷം ഞാൻ അവരോട് ഒന്നും പറഞ്ഞില്ല. ഐപിയു പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൻ്റെ പേര് കൈമാറുന്നതിന് മുമ്പ്, ഞാൻ അവരുടെ അനുവാദം വാങ്ങിയിരുന്നു, ആ സമയത്ത് അവ‍ർ അനുഗ്രഹം നൽകിയിരുന്നു' എന്നും നജ്മ ഹെപ്ത്തുള്ള ചൂണ്ടിക്കാണിക്കുന്നു.

"ഇത് ഒരു തിരസ്‌കരണമായിരുന്നു. കോൺഗ്രസിലെ പരിവർത്തനത്തിൻ്റെ ഒരു കാലഘട്ടമാണെന്നും താഴോട്ടു പതിക്കുന്നതിൻ്റെയും പ്രതിസന്ധിയുടെയും ഒരു ഘട്ടമാണെന്നും ഇത് പ്രവചിച്ചു, അത് പാർട്ടിക്ക് എല്ലാം നൽകിയ അനുഭവപരിചയമുള്ള പഴയ കാല അംഗങ്ങളെ തളർത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു. അനുഭവപരിചയമില്ലാത്ത ഒരു പുതിയ കൂട്ടം പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി' എന്നും അവർ ആത്മകഥയിൽ ചൂണ്ടിക്കാണിക്കുന്നു.

ഐപിയു കൗൺസിൽ പണം നൽകാത്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഐപിയു പ്രസിഡൻ്റിന് അടൽജി ബജറ്റിൽ 1 കോടി അനുവദിച്ചു. വസുന്ധര രാജെയാണ് ഐപിയു പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത് ആഘോഷിക്കാൻ തന്നെയും മറ്റ് എംപിമാരെയും പാർലമെൻ്റ് അനെക്‌സിലേയ്ക്ക് ക്ഷണിച്ചതെന്നും ഹെപ്ത്തുള്ള പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്.
അടുത്ത വർഷം, ന്യൂയോർക്കിൽ നടന്ന പ്രിസൈഡിംഗ് ഓഫീസർമാരുടെ മില്ലേനിയം കോൺഫറൻസിൽ പങ്കെടുക്കാൻ സോണിയാ ഗാന്ധിയെ ക്ഷണിച്ചപ്പോൾ, അവസാന നിമിഷം അവർ അതിൽ നിന്ന് വിട്ടുനിന്നുവെന്നും നജ്മ ഹെപ്ത്തുള്ള ആത്മകഥയിൽ എഴുതിയിട്ടുണ്ട്.

1998-ൽ സോണിയാ ഗാന്ധി പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വന്നപ്പോൾ അണികൾക്കും നേതാക്കൾക്കുമിടയിൽ ആളുകളുടെ നിരവധി പാളികൾ ഉടലെടുത്തുവെന്ന് അവർ ആത്മകഥയിൽ ചൂണ്ടിക്കാണിക്കുന്നു. "അതായിരുന്നു നമ്പർ10 ജൻപഥിൻ്റെ പ്രശ്‌നം. ജൂനിയർ ഭാരവാഹികൾ കാരണം നേരിട്ടുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടു. അവർ പാർട്ടി പ്രവർത്തകരായിരുന്നില്ല, അവിടെ ജോലി ചെയ്യുന്ന ക്ലാർക്കുമാരും മറ്റ് ജീവനക്കാരും മാത്രമായിരുന്നു. കൂടാതെ സംഘടനാപരമായ ആരോഗ്യത്തെയും ധാർമ്മികതയെയും ബാധിക്കുന്ന തരത്തിൽ നേതാവിനെ നേരിട്ട് ബന്ധപ്പെടാനുള്ള എല്ലാ മാർഗ്ഗവും അവർ തടഞ്ഞു. ഇത് പാർട്ടി അംഗങ്ങളുടെ യോജിപ്പും കാര്യക്ഷമതയും ഇല്ലാതാക്കി' എന്നും നജ്മ ഹെപ്ത്തുള്ള എഴുതിയിട്ടുണ്ട്.

ആ സമയത്ത് രാഹുലും പ്രിയങ്ക ഗാന്ധിയും രാഷ്ട്രീയത്തിലല്ല, സ്വന്തം ജീവിതത്തിൻ്റെ തിരക്കിലായിരുന്നുവെന്ന് മിസ് ഹെപ്‌ത്തുള്ള പറയുന്നു. പതിറ്റാണ്ടുകളായി കോൺഗ്രസിൽ ഉടലെടുത്ത മികച്ച പ്രവർത്തനരീതികൾക്കും പരസ്പരം സഹകരിക്കുന്ന രീതിയ്ക്കും എതിരായിരുന്നു സോണിയ ഗാന്ധിയുടെ പെരുമാറ്റം എന്നും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ദിരാഗാന്ധി ഒരു തുറന്ന സമീപനം സൂക്ഷിക്കാറുണ്ടായിരുന്നുവെന്നും താഴേയ്ക്കിടയിലെ നേതാക്കൾക്ക് അവർ പ്രാപ്യയായിരുന്നുവെന്നും നജ്മ ഹെപ്ത്തുള്ള ആത്മകഥയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlight: When Najma Heptulla waited for an hour to speak to Sonia Gandhi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us