ബെംഗളൂരു: എഎസ്പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ യുവ ഐപിഎസ് ഓഫീസർക്ക് ദാരുണാന്ത്യം. കർണാടക കേഡറിലെ 2023 ബാച്ച് ഓഫീസറായ, 27 വയസുകാരൻ ഹർഷ് ബർദയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലരയോടെ 'കിട്ടണെ' എന്ന പ്രദേശത്തുവെച്ചായിരുന്നു അപകടം. മധ്യപ്രദേശ് സ്വദേശിയായ ഹർഷ് 2023ലാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്. കർണാടകയിലെ ഹാസൻ എഎസ്പി ആയിട്ടായിരുന്നു ആദ്യ പോസ്റ്റിങ്ങ്. മൈസുരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം കഴിഞ്ഞ ശേഷം അങ്ങോട്ട് യാത്ര ചെയ്യവെയായിരുന്നു അപകടം ഉണ്ടായത്.
കോൺസ്റ്റബിളായ മഞ്ചേ ഗൗഡ എന്ന ഉദ്യോഗസ്ഥനാണ് വാഹനം ഓടിച്ചിരുന്നത്. ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞ ജീപ്പ് അടുത്തുള്ള വീടിന്റെ മതിലിലും മരത്തിലും ഇടിച്ചുനിന്നു. വാഹനത്തിനുള്ളിൽ നിന്ന് രക്ഷപ്പെടുത്തിയ ഹർഷിനെ ഉടൻ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും ആരോഗ്യനില ഗുരുതരമാകുകയും ഉടൻ മരണം സംഭവിക്കുകയുമായിരുന്നു.
Content Highlights: Young ips officer died on the way of his first posting