ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴ തമിഴ്‌നാടിന്റെ കോയമ്പത്തൂർ, നീലഗിരിരി ഭാഗങ്ങളിൽ ഇന്നും ശക്തമായ മഴപെയ്യുമെന്ന് മുന്നറിയിപ്പ്. ഇന്നലെ ഇടമുറിയാതെ പെയ്ത മഴയിൽ രൂക്ഷമായ വെള്ളപ്പൊക്കമാണ് സേലം, കൃഷ്ണഗിരി, ധർമപുരി ജില്ലകൾ നേരിടുന്നത്. വിഴുപ്പുറം ജില്ലയിൽ മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് കുറഞ്ഞു തുടങ്ങി.
ഏഴായിരത്തോളം പേരാണ് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. കടലൂരിൽ മഴ കുറഞ്ഞത് ആശ്വാസമാകുന്നുണ്ട്. കോയമ്പത്തൂരിലും നീലഗിരിയിലും ഇന്ന് പരക്കെ മഴ ലഭിക്കും. കർണാടകയുടെ ഓൾഡ് മൈസൂരു മേഖലകളിലും ബെംഗളൂരു-കോലാർ-ചിക്കബല്ലാപുര ജില്ലകളിലും ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട് . ബെംഗളൂരുവിൽ ഇന്നലെ മുതൽ തുടങ്ങിയ മഴ നഗരത്തെ വെള്ളക്കെട്ടിലാക്കി.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളുരുവിൽ കടൽ പ്രക്ഷുബ്ധമാണ്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് . ആന്ധ്രാ തീരത്ത് പെയ്ത കനത്തമഴയിൽ തിരുപ്പതി, നെല്ലൂർ, കടപ്പ, ചിറ്റൂർ എന്നീ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മേഖലയിൽ വ്യാപക കൃഷിനാശവും ഉണ്ട്. കനത്ത മഴയെ തുടർന്ന് എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായി പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി എ നമശിവായം അറിയിച്ചു.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത്. തിരുവണ്ണാമല ക്ഷേത്രത്തിന്റെ പിന്നിലെ 2668 അടി ഉയരമുള്ള ദീപ പര്‍വതത്തിന്റെ താഴ്വരയിലായിരുന്നു മണ്ണിടിച്ചില്‍. സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയില്‍ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
അതേസമയം, ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ബാധിച്ച എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പുതുച്ചേരി സർക്കാർ 5,000 രൂപ വീതം ദുരിതാശ്വാസ സഹായം നൽകുമെന്ന് മുഖ്യമന്ത്രി എൻ രംഗസ്വാമി തിങ്കളാഴ്ച അറിയിച്ചു. ചുഴലിക്കാറ്റിൻ്റെ ഫലമായി വടക്കൻ തമിഴ്‌നാടിൻ്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു.പുതുച്ചേരിയിലെ ശങ്കരപരണി നദിക്കു സമീപത്തെ എൻആർ നഗറിലെ 200 ഓളം വീടുകളിൽ വെള്ളം കയറി. ഇന്ത്യൻ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.
Content Highlights: Cyclone Fengal updates