ന്യൂഡൽഹി: സംസ്ഥാനത്തെ ആറ് വനിതാ സിവിൽ ജഡ്ജിമാരെ പിരിച്ചുവിടുകയും അവരെ തിരിച്ചെടുക്കാൻ വിസമ്മതിക്കുകയും ചെയ്ത മധ്യപ്രദേശ് ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ജഡ്ജിമാർ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുമ്പോേൾ കേസ് തീർപ്പാക്കൽ നിരക്ക് ഒരു അളവുകോലാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കവെ ജസ്റ്റിസ് നാഗരത്‌ന നടത്തിയ പാരാമർശവും ശ്രദ്ധേയമായി. '[പുരുഷന്മാർക്ക് ആർത്തവം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്, അപ്പോൾ മാത്രമേ അവർക്ക് മനസ്സിലാകു' എന്നായിരുന്നു നാഗരത്നയുടെ അഭിപ്രായം.
'ഡിസ്മിസ്ഡ്-ഡിസ്മിസ്ഡ്' എന്ന് പറഞ്ഞ് വീട്ടിലേക്ക് പോകുന്നത് വളരെ എളുപ്പമാണ്. നമ്മൾ പോലും ഈ കാര്യം ദീർഘമായി കേൾക്കുന്നു എന്നാൽ അഭിഭാഷകർക്ക് പറയാൻ കഴിയുമോ നമ്മൾ പതുക്കെയാണെന്ന്? പ്രത്യേകിച്ച് സ്ത്രീകൾക്ക്, ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ പതുക്കെയാണെന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് അയക്കാനാവുമോ. പുരുഷ ജഡ്ജിമാർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും ഒരേ മാനദണ്ഡം വരട്ടെ അവരെ വീട്ടിലേക്ക് അയയ്‌ക്കട്ടെ, അപ്പോൾ ഞങ്ങൾ കാണാം, എന്താണ് സംഭവിക്കുക എന്ന് നമുക്കറിയാമല്ലോ. കേസ് തീർപ്പാക്കലുമായി ബന്ധപ്പെട്ട് ജില്ലാ ജുഡീഷ്യറികൾക്ക് ഒരു ടാർജറ്റ് യൂണിറ്റുകൾ നിശ്ചയിക്കാൻ എങ്ങനെ കഴിയും' എന്നായിരുന്നു ജസ്റ്റിസ് നാഗരത്‌ന ഇന്ന് അഭിപ്രായപ്പെട്ടത്. കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഡിസംബർ പന്ത്രണ്ടിലേയ്ക്ക് മാറ്റി.
2023 ജൂണിൽ മധ്യപ്രദേശ് സർക്കാർ ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട നടപടി സുപ്രീം കോടതി കഴിഞ്ഞ ജനുവരിയിൽ സ്വമേധയാ പരിഗണിച്ചിരുന്നു. പ്രൊബേഷൻ കാലയളവിലെ പ്രകടനം തൃപ്തികരമല്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി ജഡ്ജിമാരുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെയും ഫുൾ കോടതി യോഗത്തിൻ്റെയും നിലപാട് പരിഗണിച്ചാണ് നിയമവകുപ്പ് ആറ് ജഡ്ജിമാരെ പിരിച്ചുവിടാൻ ഉത്തരവിട്ടത്.
ഫെബ്രുവരിയിൽ നടന്ന വാദം കേൾക്കലിൽ തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറാണോ എന്ന് സുപ്രീം കോടതി ഹൈക്കോടതിയോട് വാക്കാൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ജൂലായിൽ പിരിച്ചവിടപ്പെട്ട ജഡ്ജിമാർക്കെതിരായ നടപടി ഒരു മാസത്തിനകം പുനഃപരിശോധിക്കാൻ സുപ്രീം കോടതി വീണ്ടും മധ്യപ്രദേശ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മുതിർന്ന അഭിഭാഷകനായ ഗൗരവ് അഗർവാളാണ് കേസിൽ അമിക്കസ് ക്യൂറിയായി പ്രവർത്തിച്ചത്. മുതിർന്ന അഭിഭാഷകരായ ഇന്ദിര ജെയ്‌സിംഗ്, ആർ ബസന്ത് എന്നിവർ ജഡ്ജിമാർക്ക് വേണ്ടി ഹാജരായി. അഭിഭാഷകനായ അർജുൻ ഗാർഗാണ് മധ്യപ്രദേശ് ഹൈക്കോടതിക്ക് വേണ്ടി ഹാജരായത്.
Content Highlights: If men menstruated, they'd understand Supreme Court on Madhya Pradesh HC firing women judges