ഡല്‍ഹി: ഡല്‍ഹിയെ നടുക്കി കൂട്ടക്കൊലപാതകം. സൗത്ത് ഡല്‍ഹിയിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. രാജേഷ് (53), ഭാര്യ കോമള്‍ (47), മകള്‍ കവിത (23) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ അര്‍ജുന്‍ പ്രഭാതസവാരി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മാതാപിതാക്കളേയും സഹോദരിയേയും കണ്ടെത്തുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീട് പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് അര്‍ജുന്‍ നടക്കാന്‍ ഇറങ്ങിയത്. തിരിച്ചെത്തിയപ്പോള്‍ മൂന്ന് പേരെയും കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹം അയല്‍ക്കാരെ വിവരം അറിയിച്ചു. മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
താന്‍ പോകുന്നതുവരെ വീട്ടില്‍ അസ്വാഭാവികമായും ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് അര്‍ജുന്‍ പൊലീസിന് നല്‍കിയ മൊഴി. മാതാപിതാക്കളുടെ വിവാഹവാര്‍ഷികമായിരുന്നതിനാല്‍ ആശംസകള്‍ അറിയിച്ച ശേഷം രാവിലെ അഞ്ച് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങി. തിരിച്ചെത്തുമ്പോള്‍ അബോധാവസ്ഥയില്‍ മാതാപിതാക്കളേയും സഹോദരിയോയും കണ്ടെത്തുകയായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞു.
സമീപത്തെ വീടിന്റെ ബാല്‍ക്കണി വഴിയാണ് പ്രതി വീടിനുള്ളിലെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ മോഷണം നടന്നതിന്റെ ലക്ഷണങ്ങളില്ല. ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. സമീപവാസികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights- man, wife and daughter found dead at home in delhi