ന്യൂ ഡൽഹി: സംഭലിലേക്ക് പോകാനൊരുങ്ങുന്ന രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി-യുപി അതിർത്തിയിൽ വെച്ചുതന്നെ തടയാനൊരുങ്ങി പൊലീസ്. അതിർത്തികളിൽ കൂറ്റൻ ബാരിക്കേഡുകൾ വെച്ചും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചുമാണ് ഇരുവരെയും പൊലീസ് നേരിടാനൊരുങ്ങുന്നത്.
രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം യുപി കോൺഗ്രസ് എംപിമാരും നേതാക്കളും ഉണ്ടാകുമെന്നാണ് വിവരം. സംഭലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇരുവർക്കും പ്രദേശം സന്ദർശിക്കാൻ അനുമതി നൽകിയിട്ടില്ല. എന്നാൽ അവയെ വകവെയ്ക്കാതെ സന്ദർശനം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നിരിക്കെ നിയന്ത്രണം കടുപ്പിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ളവർ പൊലീസ് സേനയ്ക്ക് നിർദേശം നൽകിയിരുന്നു.
നാല് നിരകളിലായി ബാരിക്കേഡുകൾ വെച്ചാണ് നിയന്ത്രണം. പ്രദേശത്തുകൂടി കടന്നുപോകുന്ന വാഹനങ്ങളും കർശനമായി പരിശോധിക്കുന്നുണ്ട്. രാവിലെ പത്ത് മണിയോടെ രാഹുൽ ഗാസിപൂരിൽ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അതിന് മുന്നേ തടയാനാണ് പൊലീസ് ശ്രമം.
രണ്ട് ദിവസം മുൻപ് സംഭൽ സന്ദർശിക്കാൻ ഒരുങ്ങിയ കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് സ്ഥലത്ത് വലിയ സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു. സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോള്‍ സംഭല്‍ ഷാഹി ജുമാ മസ്ജിദ് പരിസരത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ഇക്കഴിഞ്ഞ 24-ാം തീയതിയായിരുന്നു സംഭവം.
സംഘര്‍ഷത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു എന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം.
ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ആരോപണവുമായി അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് സിവില്‍ കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്‍കിയത് വിഷ്ണു ശങ്കറും ഹരിശങ്കറുമായിരുന്നു. ഹരിഹര്‍ മന്ദിര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ക്കുകയും അവിടെ മസ്ജിദ് പണിയുകയായിരുന്നു എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജി പരിഗണിച്ച സിവില്‍ കോടതി കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
Content Highlights: Police to stop rahul and priyanka entering UP at borders