ഹൈദരാബാദ്: അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായിരുന്ന മകൻ തേജിന്റെ നിര്‍ബന്ധം മൂലമാണ് രേവതിയും കുടുംബവും പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് എത്തിയത്. എന്നാല്‍ അവിടെ നടന്ന സംഭവം ദൗര്‍ഭാഗ്യകരമായിരുന്നു. പ്രീമിയര്‍ ഷോയ്‌ക്കെത്തിയ അല്ലു അര്‍ജുനെ കാണാന്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് തേജിന് അമ്മ രേവതിയെ(39) നഷ്ടമായി.
നടന്‍ അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായിരുന്നു ഹൈദരാബാദിലെ ദില്‍സുഖ്‌നഗര്‍ സ്വദേശിയായ ഒമ്പതു വയസുകാരന്‍ തേജ്. ഈ ആരാധന കാരണം തേജിനെ കൂട്ടുകാര്‍ വിളിച്ചിരുന്നത് പുഷ്പ എന്നായിരുന്നു. ഇന്നലെ രാത്രിയാണ് തേജയും കുടുംബവും പുഷ്പ 2 കാണാനെത്തിയത്. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയര്‍ കാണാന്‍ ആരാധകരുടെ വലിയ നിരതന്നെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിനു മുന്നിലുണ്ടായിരുന്നു.
ഇതിനിടെയാണ് അപ്രതീക്ഷിതമായി സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനായി തിയേറ്ററിലേക്കെത്തിയത്. ഇതോടെ താരത്തെ കാണാന്‍ ആരാധകര്‍ ഉന്തും തള്ളുമായി. ഉന്തിലും തള്ളിലും തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകര്‍ന്നു. ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശി. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതിക്ക് ജീവന്‍ നഷ്ടമായത്.
തിയേറ്ററിലേക്ക് കടക്കാന്‍ ശ്രമിച്ച രേവതിയും തേജും ഇതോടെ ശ്വാസം മുട്ടി ബോധരഹിതരായി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇരുവര്‍ക്കും സിപിആര്‍ നല്‍കിയ ശേഷം ഉടന്‍ തന്നെ ദുര്‍ഗാഭായ് ദേശ്മുഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാലും ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ തേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തേജിന്റെ നില ഗുരുതരമാണ്. തിക്കിലും തിരക്കിലുംപെട്ട് ബോധരഹിതനായ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മകന്‍ അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായതുകൊണ്ടുമാത്രമാണ് തന്റെ കുടുംബം പ്രീമിയര്‍ ഷോ കാണാനെത്തിയതെന്ന് മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌ക്കര്‍ പ്രതികരിച്ചു.
Content Highlight : A 9-year-old boy who came to the Pushpa 2 premiere show, Tej lost his mother