യുപിയിൽ മുസ്‌ലിം വിദ്യാർഥിയെ സഹപാഠിയെക്കൊണ്ട് മുഖത്തടിക്കാൻ ആവശ്യപ്പെട്ട സംഭവം; അധ്യാപികയ്ക്ക് ജാമ്യം

പോക്സോ കോടതിക്ക് മുൻപാകെ കീഴടങ്ങിയാണ് തൃപ്ത ത്യാഗി എന്ന അധ്യാപിക ജാമ്യം നേടിയത്

dot image

പ്രയാഗ് രാജ്: ഉത്തർപ്രദേശിൽ ഏഴു വയസുകാരനായ മുസ്‌ലിം വിദ്യാർഥിയെ മറ്റ് വിദ്യാർഥികളെക്കൊണ്ട് മുഖത്തടിക്കാൻ ആവശ്യപ്പെട്ട സ്കൂൾ അധ്യാപികയ്ക്ക് ജാമ്യം. പോക്സോ കോടതിക്ക് മുൻപാകെ കീഴടങ്ങിയാണ് തൃപ്ത ത്യാഗി എന്ന അധ്യാപിക ജാമ്യം നേടിയത്. നവംബർ 23-ന് അലഹബാദ് ഹൈക്കോടതി അധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അധ്യാപികയുടെ ഹർജി തള്ളിയ കോടതി രണ്ട് ആഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപിക പോക്സോ കോടതിയിൽ ഹാജരായി ജാമ്യം നേടിയത്.

കഴിഞ്ഞ വർഷമാണ് സംഭവം നടന്നത്. മുസഫർ നഗറിലെ നേഹ പബ്ലിക് വിദ്യാലയത്തിലെ അധ്യാപികയായിരുന്നു തൃപ്ത ത്യാഗി. ഒരു വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ മാറ്റി നിർത്തി കുട്ടിയെ കണക്കറ്റ് ശകാരിക്കുന്ന അധ്യാപിക മറ്റ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിക്കുന്നു. മുഖത്ത് അടിക്കാനുള്ള നിർദ്ദേശത്തോടൊപ്പം ശരീരത്തിൻറെ മറ്റിടങ്ങളിലും മർദ്ദിക്കാൻ പ്രേരിപ്പിക്കുന്നു. ഇതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പിന്നാലെ വലിയ രീതിയിൽ വിമർശനമുയർന്നിരുന്നു. കേസിൽ കോടതിയും ഇടപെട്ടിരുന്നു.

ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനാൽ ദേശീയ ബാലാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കണക്കിന്‍റെ പട്ടിക പഠിക്കാത്തതിന് നൽകിയ ശിക്ഷയാണെന്നും പിന്നീട് ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചതെന്നുമായിരുന്നു അധ്യാപിക നൽകിയ ന്യായീകരണം. മുഖത്തിന് പുറമേ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും കുട്ടിക്ക് സഹപാഠികളുടെ മർദ്ദനമേറ്റിരുന്നു.

ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ മറ്റ് കുട്ടികളെക്കൊണ്ട് ശിക്ഷിപ്പിച്ചത് താൻ ഭിന്നശേഷിക്കാരിയായതിനാലാണെന്നും പഠിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ നൽകിക്കൊള്ളാൻ കുട്ടിയുടെ രക്ഷിതാക്കൾ നിർദ്ദേശിച്ചിരുന്നുവെന്നും തൃപ്ത ത്യാ​ഗി പറഞ്ഞത് വലിയ രീതിയിൽ ചർച്ചയായിരുന്നു.

Content Highlights: Bail granted to school teacher who asked other students to slap seven-year-old Muslim student in UP

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us