ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ തമിഴ്‌നാടിന് അടിയന്തര സഹായമായി കേന്ദ്രം 944.80 കോടി രൂപ അനുവദിച്ചു. രണ്ട് ഗഡുക്കളായി സംസ്ഥാനത്തിന് പണം കൈമാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ട്.
2,000 കോടി രൂപയാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. ഫെഞ്ചല്‍ ചുഴലികാറ്റിനെ തുടര്‍ന്ന് 30 വര്‍ഷത്തിന് ശേഷമുള്ള റെക്കോര്‍ഡ് മഴയായിരുന്നു പുതുച്ചേരിയില്‍ രേഖപ്പെടുത്തിയത്. തമിഴ്നാടിന്റെ ഭാഗമായ കടലൂര്‍, വിഴുപ്പുറം ഭാഗങ്ങളിലും മഴയിലും വെള്ളക്കെട്ടിലും ജനജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു.
കഴിഞ്ഞ ദിവസം ഡിഎംകെ അംഗം തിരുച്ചി ശിവ രാജ്യസഭയില്‍ ശൂന്യവേളയില്‍ പ്രളയം ബാധിച്ച തമിഴ്‌നാടിന് 2000 കോടി ആവശ്യപ്പെട്ടിരുന്നു. 14 ജില്ലകളേയും നേരിട്ട് 1.5 കോടി ജനങ്ങളേയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. 69 ലക്ഷം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. 40 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെുവെന്നുമാണ് എംപി സഭയില്‍ അറിയിച്ചത്.
അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്നാണ് പരിഗണിക്കുന്നത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ട് കണക്കുകളില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തത വരുത്തും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ദുരന്ത നിവാരണ അതോറിറ്റിയിലെ അക്കൗണ്ട്സ് ഓഫീസര്‍ കണക്കുകളില്‍ വ്യക്തത വരുത്തും. വയനാട് പുനരധിവാസത്തിനായി എത്ര തുക ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് തുകയിലും വ്യക്തത വരുത്തും. ദുരന്തം ഉണ്ടായ സമയത്ത് എസ്ഡിആര്‍എഫ് അക്കൗണ്ടില്‍ എത്ര തുക ഉണ്ടായിരുന്നുവെന്നും വയനാടിനായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തുകയിലും വിശദീകരണം നല്‍കും. എത്ര ഫണ്ട് വയനാട് ദുരന്തത്തിനായി നല്‍കിയെന്നതിലും ഇനിയെത്ര നല്‍കുമെന്നതിലും കേന്ദ്ര സര്‍ക്കാരും വിശദീകരണം നല്‍കും. ദുരന്ത ശേഷം നല്‍കിയ ഇടക്കാല സഹായത്തിലും കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തും.
Content Highlights: Fengal Cyclone centre gives Emergency aid to Tamil Nadu