കൊല്‍ക്കത്ത: സന്ദേശ് ഖാലിയില്‍ മൂന്ന് ദിവസം മുന്‍പ് കാണാതായ ആദിവാസി വിഭാഗത്തില്‍പ്പെട്ട പതിനെട്ടുകാരിയുടെ മൃതദേഹം കുളത്തില്‍. വായ് മൂടിക്കെട്ടി, കയ്യും കാലും കെട്ടിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. അരയില്‍ ഒരു കല്ലും കെട്ടിയിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. അമ്മയ്‌ക്കൊപ്പം തൊട്ടടുത്ത വയലില്‍ കന്നുകാലികളെ കെട്ടാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഇതിനിടെ അമ്മ വീട്ടിലേയ്ക്ക് വന്നു. മണിക്കൂറുകള്‍ക്ക് ശേഷം അമ്മ തിരികെ വന്ന് നോക്കുമ്പോള്‍ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. പെണ്‍കുട്ടിയുടെ ചെരുപ്പ് മാത്രമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രിയോടെ കുടുംബം നജാത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 6.30 ഓടെ കാല്‍നടയാത്രക്കാരാണ് വയലിന് സമീപമുള്ള കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പെണ്‍കുട്ടി 30 വയസ് പ്രായമുള്ള യുവാവിന്റെ കൂടെ ബൈക്കില്‍ പോകുന്നത് കണ്ടു എന്ന് പ്രദേശവാസിയായ അനാമിക ജന പൊലീസിനോട് വെളിപ്പെടുത്തി. പോകുന്നതിന് മുന്‍പ് പെണ്‍കുട്ടി തന്റെ വീട്ടില്‍ വന്ന് വെള്ളം കുടിച്ചിരുന്നുവെന്നും അനാമിക ജന പറഞ്ഞു. സംഭവത്തില്‍ യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തില്‍ തള്ളിയതാകാമെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Content Highlights- missing young woman body found in a pond west bengal