ന്യൂഡൽഹി: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്‌ബീർ സിങ് ബദലിന് വധിക്കാൻ ശ്രമിച്ച അക്രമിയെ പുകഴ്ത്തി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്‌നീത് സിങ് ബിട്ടു. അക്രമിയെ 'സമുദായത്തിന്റെ അഭിമാനമെന്ന്' പറഞ്ഞാണ് കേന്ദ്രമന്ത്രി പുകഴ്ത്തിയത്.
ഡിസംബർ നാലിനാണ് സുഖ്‌ബീർ സിങ് ബദലിന് നേരെ വധശ്രമമുണ്ടായത്. പഞ്ചാബിലെ സുവർണക്ഷേത്രത്തിന് മുൻപിൽ മതശിക്ഷ അനുശാസിച്ച് പോരുകയായിരുന്നു ബാദൽ. ഇതിനിടെ ക്ഷേത്രത്തിന്റെ പ്രധാന വാതിലിനടുത്ത് നിന്ന് ദൽ ഖൽസ പ്രവർത്തകനായ നരേൻ സിംഗ് ചൗധരി വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ പ്രതിയെ കീഴ്‌പ്പെടുത്തിയിരുന്നു.
നരേൻ സിങിനെ സിഖ് സമുദായത്തിന്റെ അഭിമാനമെന്ന് വിശേഷിപ്പിച്ച ബിട്ടു അകാലി ദളിനോടും ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയോടും ഇയാൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനും പറഞ്ഞു. വ്യക്തിവിരോധമല്ല, മതനിയമങ്ങളെ ഹനിച്ചതാണ് ബാദലിനെ ആക്രമിക്കാൻ നരേൻ സിങിനെ പ്രേരിപ്പിച്ചത്. സിഖ് സമുദായത്തിന് വേണ്ടിചെയ്ത കാര്യങ്ങൾ കണക്കിലെടുത്ത്, ഇയാൾക്ക് വേണ്ട നിയമസഹായങ്ങൾ എല്ലാം നൽകണമെന്നും, കൃത്യമായി ഭക്ഷണവും വസ്ത്രങ്ങളും മറ്റും നൽകണമെന്നും ബിട്ടു പറഞ്ഞു.
സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് വിധിച്ച മതശിക്ഷ അനുഭവിച്ചുവരികയായിരുന്നു പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയായിരുന്ന സുഖ്‌ബീർ സിങ് ബാദൽ. 2007 മുതൽക്കുള്ള പത്ത് വർഷ കാലയളവിൽ അകാലിദൾ സർക്കാർ ചെയ്ത മതപരമായ തെറ്റുകൾക്കുള്ള ശിക്ഷയാണ് ബാദൽ അനുഭവിച്ചത്. ഗുരുദ്വാരകളിലെ അടുക്കളകളും ശുചിമുറികളും വൃത്തിയാക്കണം എന്നതും ഗുരുദ്വാരകൾക്ക് മുൻപിൽ, കഴുത്തിൽ പ്ലക്കാർഡ് ധരിച്ച്, കയ്യിൽ കുന്തം പിടിച്ച്, കാവൽ നിൽക്കാനുമാണ് അകാൽ തഖ്ത് വിധിച്ചത്.
Content Highlights: