ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. സോണിയ ഗാന്ധിക്ക് ജോര്‍ജോ സോറോസ് ഫൗണ്ടേഷന്‍ ഫണ്ട് നല്‍കുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ബിജെപിയുടെ പരാമര്‍ശം. കശ്മീർ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന ആശയത്തിന്റെ പിന്തുണക്കാരാണ് ജോര്‍ജ് സോറോസ് ഫൗണ്ടേഷന്‍ എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
ഫോറം ഓഫ് ദി ഡെമോക്രാറ്റിക് ലീഡേഴ്‌സ് എഷ്യാ പസഫിക് (എഫ്ഡിഎല്‍-എപി) ഫൗണ്ടേഷൻ്റെ കോ-പ്രസിഡൻ്റാണ് സോണിയ ഗാന്ധി. ജോര്‍ജ് സോറോസും സോണിയ ഗാന്ധിയുമായുള്ള ബന്ധത്തിലൂടെ വ്യക്തമാകുന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള വിദേശശക്തികളുടെ ഇടപെടലാണെന്നും ബിജെപി ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് പത്ത് ചോദ്യങ്ങള്‍ ചോദിക്കാനാണ് തീരുമാനിക്കുന്നതെന്നും ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.
മാധ്യമ പോര്‍ട്ടലായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ടും (ഒസിആര്‍പി) ഹംഗേറിയന്‍-അമേരിക്കന്‍ വ്യവസായിയും പ്രതിപക്ഷവുമായി ഒത്തുകളിച്ച് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കാനും മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നുണ്ട്. രാജീവ് ഗാന്ധി ഫൗണ്ടേഷനിലെ സോണിയ ഗാന്ധിയുടെ അധ്യക്ഷ സ്ഥാനമാണ് ജോര്‍ജ് സോറോസ് ഫൗണ്ടേഷനുമായുള്ള പങ്കാളിത്തത്തിലേക്ക് നയിച്ചതെന്നും ബിജെപി ആരോപിച്ചു. അദാനി ഗ്രൂപ്പിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനത്തിൻ്റെ തത്സമയ സംപ്രേക്ഷണം ജോര്‍ജ് സോറോസ് ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സംഘടന തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ ജോര്‍ഡജ് സോറോസ് തന്റെ സുഹൃത്താണെന്നും പറഞ്ഞിരുന്നു. ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണെന്നും ബിജെപി ആരോപിച്ചു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രമുഖ വ്യവസായി ഗൗതം അദാനി എന്നിവര്‍ക്കെതിരെയുള്ള വാര്‍ത്തകളിലും പ്രചാരണങ്ങളിലും യുഎസിന് പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ ആരോപണം യുഎസ് തള്ളി. ആരോപണങ്ങള്‍ നിരാശയുണ്ടാക്കുന്നതാണെന്ന് യുഎസ് എംബസിയിലെ വക്താവ് പ്രതികരിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ യുഎസ് ഏറെ മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ പ്രതികരണത്തേയും വിമര്‍ശിച്ചായിരുന്നു ബിജെപി രംഗത്തെത്തിയത്.
ഒരു കൂട്ടം അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും സഹകരിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും യുഎസിലെ 'ഡീപ് സ്റ്റേറ്റ്' ഘടകങ്ങളും ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. റോയിട്ടേഴ്‌സ് ആയിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: Sonia Gandhi has links with george soros funding group says BJP