ഫത്തേപൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ 180 വര്‍ഷം പഴക്കമുള്ള നൂരി ജുമാ മസ്ജിദിന്റെ പ്രധാന ഭാഗങ്ങള്‍ പൊളിച്ചുനീക്കി. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. റോഡ് കയ്യേറി നിര്‍മിച്ചു എന്നാരോപിച്ചാണ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. കയ്യേറ്റം ആരോപിച്ചുള്ള ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി 13ന് പരിഗണിക്കാനിരിക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. എഡിഎം അവിനാഷ് ത്രിപാഠി, എഎസ്പി വിജയ് ശങ്കര്‍ മിശ്ര എന്നിവരുടെ സാന്നിധ്യത്തില്‍ വന്‍ സായുധ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചിരുന്നു.
റോഡ് വികസനത്തിന്റെ ഭാഗമായി ഡ്രൈനേജ് നിര്‍മാണത്തിന് ഈ വര്‍ഷം സെപ്റ്റംബര്‍ 24നാണ് ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് മസ്ജിദ് കമ്മിറ്റിക്ക് നോട്ടീസ് നല്‍കിയത്. മസ്ജിദിന്റെ പിന്‍ഭാഗവും 133 വീടുകളും കടകളും റോഡ് കയ്യേറി നിര്‍മിച്ചതാണ് എന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ വാദം. പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പിന്‍ഭാഗം പൊളിച്ചുനീക്കുന്നത് മസ്ജിദിന് കാര്യമായ കേടുപാടുണ്ടാക്കുമെന്ന് അഭിഭാഷകനായ സയ്യിദ് അസീമുദ്ദീന്‍ മുഖേന മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മസ്ജിദ് പൊളിക്കുന്നത് തടയാന്‍ അടിയന്തര ഇടപെടലുണ്ടാവണം. 180 വര്‍ഷത്തോളം പഴക്കമുള്ള മസ്ജിദ് കേവലം ആരാധനാലയം മാത്രമല്ലെന്നും രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ നിര്‍ണായക ഭാഗമാണെന്നും മസ്ജിദ് കമ്മിറ്റി പറഞ്ഞിരുന്നു. ഈ ഹര്‍ജി പരിഗണിക്കാനിക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
Content Highlights- Bulldozer action against 180-year-old noori Jama masjid in uttar pradesh