ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യണം; രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കുമെന്ന് കപില്‍ സിബല്‍

രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താല്‍പര്യപ്രകാരം മാത്രമെ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസം വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു

dot image

ന്യൂഡല്‍ഹി: വിവാദ പരാമർശം നടത്തിയ ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍. മറ്റ് എംപിമാരുമായി ചേര്‍ന്ന് ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അധ്യക്ഷന്‍ കൂടിയായ കപില്‍ സിബല്‍ പറഞ്ഞു. ജസ്റ്റിസ് എസ്‌കെ യാദവിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതി അഭിഭാഷക അസോസിയേഷന്‍ അധ്യക്ഷന്‍ എന്ന നിലയിലല്ല, ഭരണഘടനയില്‍ വിശ്വസിക്കുന്ന പൗരന്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്. നിയമ വാഴ്ചയുള്ള രാജ്യത്ത് സ്വതന്ത്ര നീതിന്യായ വ്യവസ്ഥ അനിവാര്യമാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള എംപിമാര്‍ എസ്‌കെ യാദവിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിക്കണമെന്നുമാണ് കപില്‍ സിബലിന്റെ ആവശ്യം.

കഴിഞ്ഞ ദിവസം വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിലായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമര്‍ശം. പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ച് പരാമര്‍ശം നടത്തിയ ജഡ്ജി രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താല്‍പര്യപ്രകാരം മാത്രമെ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂവെന്നും പറഞ്ഞിരുന്നു. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ നടപടി തുടങ്ങി. വിവാദ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി രജിസ്ട്രിയോട് സുപ്രീംകോടതി വിശദീകരണം തേടിയിട്ടുണ്ട്.

Content Highlights: Justice Shekhar Kumar Yadav should be impeached said Kapil Sibal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us