ബെംഗളൂരു: രേണുക സ്വാമി കൊലക്കേസില്‍ പ്രതിയും നടനുമായ ദര്‍ശന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി ഇടക്കാല ജാമ്യത്തില്‍ കഴിയുകയായിരുന്നു ദര്‍ശന്‍. കേസിലെ ഒന്നാം പ്രതിയും നടിയുമായ പവിത്ര ഗൗഡയ്ക്കും മറ്റു പ്രതികളായ നാഗരാജു, അനു കുമാര്‍, ലക്ഷ്മണ്‍, ജഗദീഷ്, പ്രസാദ് റാവു എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
നേരത്തെ ആരോഗ്യസ്ഥിതി പരിഗണിച്ച് ദര്‍ശന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ആറ് ആഴ്ചത്തേക്കായിരുന്നു ഇടക്കാല ജാമ്യം അനുവദിച്ചത്.
നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആധാരമാക്കിയായിരുന്നു കോടതിയുടെ വിധി. ആരാധകനായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് ദര്‍ശന്‍. ചിത്രദുര്‍ഗയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരന്‍ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ജൂണ്‍ 9നാണ് ബെംഗലൂരുവിലെ സോമനഹള്ളിയില്‍ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലില്‍ നിന്നും രേണുക സ്വാമിയുടെ മൃതദേഹം ലഭിച്ചത്. ആദ്യം പൊലീസ് ആത്മഹത്യയാണ് എന്നാണ് കരുതിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണ് എന്ന് തെളിയുകയായിരുന്നു.
Content Highlight: Renuka Swamy murder case: Actor Darshan gets bail