ന്യൂഡൽഹി: ലോക്സഭയിലെ ഭരണഘടനാ ചർച്ചയിൽ തീപ്പൊരി പ്രസംഗവുമായി ഡിഎംകെ അംഗം എ രാജ. ആർഎസ്എസിന്റെയും ബിജെപിയെയും കടന്നാക്രമിച്ച പ്രസംഗത്തിൽ എതിർപ്പുമായി ബിജെപി രംഗത്തെത്തി.
ആർഎസ്എസിനെതിരെ രൂക്ഷമായ വിമർശനമാണ് എ രാജ അഴിച്ചുവിട്ടത്. ആർഎസ്എസ് എന്ത് സംഭാവനയാണ് ഭരണഘടനയ്ക്ക് നൽകിയത് എന്ന് അദ്ദേഹം ചോദിച്ചു. തുടർന്ന് ഭരണഘടന മാറ്റുമെന്നുള്ള പല ബിജെപി നേതാക്കളുടെ പ്രസ്താവനയെയും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. 400 സീറ്റ് കിട്ടിയാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് പറഞ്ഞവരെ എല്ലാവർക്കും അറിയാമെന്നും ബിജെപി ഇന്ന് ചെയ്യുന്നതിനൊക്കെ ഒരിക്കൽ വില നൽകേണ്ടിവരുമെന്നും രാജ മുന്നറിയിപ്പ് നൽകി. ബിജെപി പോലൊരു 'ബാഡ് എലമെന്റ്' ഉണ്ടാകുമെന്ന് അംബേദ്കർ കരുതിയില്ലെന്നും അതിനാലാണ് സെക്യുലറിസം എന്ന് ഭരണഘടനയിൽ പ്രത്യേകം എഴുതിച്ചേർക്കാതിരുന്നത് എന്നും രാജ കൂട്ടിച്ചേർത്തു. ഈ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തുകയും ചെയ്തു.
അതേസമയം, ഇന്നലെ തുടങ്ങിയ പ്രത്യേക ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗവും ഇന്നുണ്ടാകും. ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിവെച്ച ചർച്ചയിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു. ഭരണഘടനയിൽ തുടങ്ങി കർഷക പ്രക്ഷോഭവും, അദാനിയും, സംഭലും മണിപ്പൂരുമെല്ലാം പരാമർശിച്ച പ്രിയങ്ക പാർലമെൻ്റേറിയൻ എന്ന നിലയിലെ തൻ്റെ ആദ്യ പ്രസംഗത്തിൽ കത്തിക്കയറിയിരുന്നു.
Content Highights: A Rajas speech against RSS and BJP on Constitution debate