അല്ലു അർജുന് പിന്തുണയുമായി കേന്ദ്രസർക്കാർ; അറസ്റ്റിൽ രേവന്ത് റെഡ്ഡി സർക്കാരിന് രൂക്ഷവിമർശനം

കഴിഞ്ഞ ദിവസം തെലങ്കാനയിലെ പ്രതിപക്ഷ പാർട്ടികളും രേവന്ത് റെഡ്ഡി സർക്കാരിനെതിരെ രംഗത്തുവന്നിരുന്നു

dot image

ന്യൂഡൽഹി: തെന്നിന്ത്യൻ താരം അല്ലു അർജുന്റെ അറസ്റ്റിൽ തെലങ്കാന സർക്കാരിനെ വിമർശിച്ച് കേന്ദ്രസർക്കാർ. നടപടിയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി.

ക്രിയാത്മകമായ മേഖലയിൽ പ്രവർത്തിക്കുന്നവരെ കോൺഗ്രസിന് ബഹുമാനമില്ലെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അല്ലുവിന്റെ അറസ്റ്റ് ഇക്കാര്യം അടിവരയിടുന്നു. അറസ്റ്റിന്റെ കളങ്കം മായ്ക്കാൻ ഇപ്പോൾ അവർ പബ്ലിസിറ്റി സ്റ്റണ്ടുകളിൽ ഏർപ്പെടുകയാണ്. അധികാരമേറ്റെടുത്ത് ഒരു വർഷമായപ്പോഴേക്കും ഇതാണ് അവസ്ഥയെന്നും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തെലങ്കാനയിലെ പ്രതിപക്ഷ പാർട്ടികളും രേവന്ത് റെഡ്ഡി സർക്കാരിനെതിരെ രംഗത്തുവന്നിരുന്നു.

പുഷ്പ 2 റിലീസ് ദിനത്തില്‍ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത മനപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ ഇന്നലെയായിരുന്നു അല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അല്ലുവിന്റെ അറസ്റ്റ് വലിയ വിവാദത്തിന് തിരികൊളുത്തി. അല്ലു സമർപ്പിച്ച ജാമ്യാപേക്ഷ തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്നതിന് തൊട്ടുമുൻപായിരുന്നു നാടകീയമായ അറസ്റ്റ്. ഇതിന് പിന്നാലെ അല്ലുവിന് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി ഉത്തരവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അല്ലുവിനെ പുറത്തുവിടാൻ ജയിൽ അധികൃതർ തയ്യാറായില്ല. ഇന്ന് രാവിലെയാണ് അല്ലു ജയിൽ മോചിതനായത്. ഇതിന് പിന്നാലെ പിന്തുണ നൽകിയവർക്ക് നന്ദി പറഞ്ഞ് അല്ലു രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിയമം പാലിക്കുന്ന പൗരനാണെന്ന് പറഞ്ഞ അല്ലു, താൻ കേസന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Content Highlights: Central government supports Allu Arjun

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us