കൊല്‍ക്കത്ത: ഒരു മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട പാര്‍ട്ടി നേതാവ് തന്‍മോയ് ഭട്ടാചാര്യയ്ക്കെതിരായ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സിപിഐഎം. ഭട്ടാചാര്യയുടെ വസതിയില്‍ വെച്ച് നടത്തിയ അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.
ആരോപണത്തെ തുടര്‍ന്ന് ആഭ്യന്തര അന്വേഷണത്തിന് വിധേയമായാണ് ഭട്ടാചാര്യയെ സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം സസ്പെന്‍ഡ് ചെയ്തത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം തന്‍മോയ് ഭട്ടാചാര്യയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം അറിയിച്ചതായി പശ്ചിമ ബംഗാളിലെ സിപിഐഎം നോര്‍ത്ത് ജില്ലാ കമ്മിറ്റി സെക്രട്ടറി മൃണാള്‍ ചക്രവര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചു.
ഇനി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഭട്ടാചാര്യയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അതേസമയം സമാന്തരമായി അന്വേഷണം നടക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് മുന്‍ എംഎല്‍എ ഭട്ടാചാര്യ നേരത്തെ അവകാശപ്പെട്ടിരുന്നു. പാര്‍ട്ടി നേതൃത്വത്തോട് തന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിബദ്ധതയുള്ള, താഴെത്തട്ടിലുള്ള സഖാവായി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും 66 കാരനായ ഭട്ടാചാര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Content Highlight: CPIM lifts suspension on Tanmoy Bhattacharya