ന്യൂഡൽഹി: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് പണം ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഇടത് നേതാക്കൾ രംഗത്ത്. നടപടിയെ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി, കെ രാധാകൃഷ്ണൻ എംപി, മന്ത്രി എം ബി രാജേഷ് എന്നിവർ രംഗത്തെത്തി.
സൈന്യത്തിന്റെ സല്യൂട്ടിന് പോലും കേന്ദ്രസർക്കാർ പൈസ വാങ്ങിക്കുന്നുവെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ തീരുമാനമാണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇത്തരത്തിൽ ആരും കാണിച്ചിട്ടില്ല. കേരളത്തിന്റെ ജനത സേനാംഗങ്ങളെ ചേർത്തുപിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. കനിമൊഴി എംപി വയനാടിന് വേണ്ടി സംസാരിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി കഥകളി ആംഗ്യം കാണിക്കുകയായിരുന്നുവെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
കേരളത്തെ സഹായിക്കുന്നില്ലെന്ന് മാത്രമല്ല, അപമാനിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നീക്കം. എൻഡിആർഎഫിൽ നിന്ന് പണം നൽകാനാണ് കേന്ദ്രസർക്കാർ ശ്രമിക്കേണ്ടതെന്നും അടിമ ഉടമ സമ്പ്രദായമല്ല കേന്ദ്ര സംസ്ഥാന ബന്ധങ്ങളെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
സംസ്ഥാന സർക്കാരിനെ എല്ലാ കാര്യത്തിലും കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിസ്സംഗതയെ ചോദ്യം ചെയ്തുകൊണ്ടും കൂടിയാണ് മന്ത്രി എംബി രാജേഷ് പ്രതികരിച്ചത്. കേന്ദ്രം കേരളത്തോട് കാണിക്കുന്നത് ക്രൂരതയാണെന്ന് എം ബി രാജേഷ് പറഞ്ഞു. ചില്ലിക്കാശ് സഹായം നൽകിയില്ലെന്ന് മാത്രമല്ല, എല്ലാ കാര്യത്തിനും കൃത്യമായി കണക്ക് വെച്ച് പണം ചോദിക്കുകയും ചെയ്യുന്നു. പ്രളയ രക്ഷാപ്രവർത്തനം, അരി തന്നതിന്റെ കാശ് എല്ലാം കേന്ദ്രം ചോദിച്ചു. എന്നാൽ ഇങ്ങോട്ടൊന്നും തന്നുമില്ല. രാഷ്ട്രീയം മാത്രം നോക്കി നാല് സംസ്ഥാനങ്ങൾക്ക് പണം നൽകി. ഇങ്ങനെ ചവിട്ടിത്താഴ്ത്താൻ കേരളം അനുവദിക്കില്ലെന്നും ജനങ്ങളുമായി ചേർന്ന് പ്രതിരോധിക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
Content Highlights: Protests rage up against central governments move on demanding fees to mundakkai chooralmala rescue