ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ ഭരണഘടനയുടെയും ജനാധിപത്യത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ഭരണഘടന കേവലം നിയമപരമായ ഒരു രേഖയല്ലെന്നും അത് നമ്മുടെ രാജ്യത്തിൻ്റെ ആത്മാവാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മനുസ്‌മൃതിയെയും സവർക്കെറെയും അദാനിയെയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. ഭരണഘടനയുടെ ചെറുപതിപ്പ് കയ്യിലേന്തിയാണ് രാഹുല്‍ പാർലമെൻറില്‍ പ്രസംഗിച്ചത്.
ഗാന്ധിജിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും ആശയമാണ് ഭരണഘടന. ഭരണഘടനയല്ല, കേന്ദ്രത്തിൻറെ ഇന്നത്തെ ശ്രമങ്ങളെല്ലാം മനുസ്മൃതിയെ വാഴ്ത്താനാണ്. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. ഭരണഘടനയെ സംരക്ഷിക്കുമെന്ന് നിങ്ങള്‍ (ബിജെപി) പറയുമ്പോള്‍ നിങ്ങള്‍ സവര്‍ക്കറെ പരിഹസിക്കുകയാണ്, അധിക്ഷേപിക്കുകയാണ്, അപകീര്‍ത്തിപ്പെടുത്തുകയാണ്', രാഹുല്‍ ഗാന്ധി പറഞ്ഞു.
സവര്‍ക്ക് ബ്രീട്ടിഷുകാരുമായി സന്ധി ചെയ്തുവെന്നാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറഞ്ഞിട്ടുള്ളത്. മഹാത്മാഗാന്ധി ജി ജയിലില്‍ കിടന്നിട്ടുണ്ട്. നെഹ്‌റു ജി ജയിലില്‍ കിടന്നിട്ടുണ്ട്. എന്നാല്‍ സവര്‍ക്കാര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതികൊടുക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു. നിങ്ങള്‍ ഭരണഘടനയുടെ സംരക്ഷണത്തിലാണെന്നാണ് രാജ്യത്തെ പാവപ്പെട്ട ജനതയോട് തനിക്ക് പറയാനുള്ളതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ലോക്‌സഭയില്‍ ഏകലവ്യന്റെ കഥയും രാഹുല്‍ പരാമര്‍ശിച്ചു. ഏകലവ്യന്റെ തള്ളവിരല്‍ മുറിച്ചുമാറ്റിയതുപോലെ രാജ്യത്തെ യുവാക്കളുടെ സ്വപ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കിയെന്നാണ് രാഹുല്‍ പറഞ്ഞത്.
'സര്‍ക്കാര്‍ ജോലികളില്‍ ലാറ്ററല്‍ എന്‍ട്രി കൊണ്ടുവന്നതിലൂടെ രാജ്യത്തെ യുവാക്കളുടെയും പിന്നാക്ക വിഭാഗത്തിന്റെയും പാവപ്പെട്ടവരുടെയും തള്ളവിരലാണ് നിങ്ങള്‍ അറുത്തത്. ഇന്ന് നിങ്ങള്‍ ഡല്‍ഹിക്ക് പുറത്ത് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ലാത്തി ചാര്‍ജ് നടത്തി. കര്‍ഷകര്‍ വിളകള്‍ക്ക് ന്യായമായ വിലയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ നിങ്ങള്‍ അദാനിക്കും അംബാനിക്കും ലാഭമുണ്ടാക്കി നല്‍കുന്നു. ഇതുവഴി കര്‍ഷകരുടെ പെരുവിരലാണ് നിങ്ങള്‍ അറുത്തുമാറ്റിയത്', രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കും.
ഉത്തർപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ മനുസ്മൃതിയാണ് പിന്തുടരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹാത്രസിലെ അതിജീവിതയുടെ കുടുംബത്തെ ഭരണസംവിധാനം ഒറ്റപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തുല്ല്യത ഇല്ലാതായി. ജാതി സെന്‍സസ് നടപ്പിലാക്കാത്തത് സമത്വം ഇല്ലാത്തതിന്റെ തെളിവാണ്. ഇന്‍ഡ്യാ സഖ്യം ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlights: Rahul Gandhi quotes Savarkar in Lok Sabha speech