സൂറത്ത്: ബന്ധുവിന്റെ ഡയമണ്ട് വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യാൻ താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി സ്വന്തം വിരലുകൾ മുറിച്ച് യുവാവ്. കംപ്യൂട്ടർ ഓപ്പറേറ്ററായി ബന്ധുവിന്റെ സ്ഥാപനത്തിൽ ലഭിച്ച ജോലിയിലുള്ള അതൃപ്തിയാണ് ഇതിന് പിന്നിൽ. ഗുജറാത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മായുർ താരാപര എന്ന യുവാവാണ് വിരലുകൾ മുറിച്ചുമാറ്റിയത്. ബന്ധുവിനോട് ജോലിക്ക് താത്പര്യമില്ലെന്ന് പറയാനുള്ള ഭയമാണ് വിരൽ മുറിക്കുന്നതിൽ കലാശിച്ചതെന്ന് സൂറത്ത് ക്രൈം ബ്രാഞ്ച് പറയുന്നു.
സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ റോഡിൽ ബോധരഹിതനായി വീണുവെന്നും ബോധം വീണപ്പോൾ വിരലുകൾ കാണാനില്ലെന്നുമായിരുന്നു യുവാവ് ആദ്യം പൊലീസിന് നൽകിയ മൊഴി. സാത്താൻ സേവ പോലുള്ളവയ്ക്കായി യുവാവിന്റെ വിരലുകൾ മുറിച്ചതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
അന്വേഷണത്തിൽ കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.
സമീപത്തെ കടയിൽ നിന്നും മൂർച്ഛ കൂടിയ കത്തി വാങ്ങിയതായി യുവാവ് പൊലീസിനോട് പറഞ്ഞു. ആളൊഴിഞ്ഞ പ്രദേശം നോക്കി റോഡരികിൽ വാഹനം നിർത്തിയ ശേഷം യുവാവ് കത്തിയുപയോഗിച്ച് വിരലുകൾ മുറിക്കുകയായിരുന്നു. പിന്നാലെ മുറിച്ചെടുത്ത നാല് വിരലുകൾ കവറിൽ കെട്ടി വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ മൂന്ന് വിരലുകൾ കണ്ടെത്തിയിട്ടുണ്ട്.
Content Highlight: Youth chops own fingers to make him unfit for the job role in relative's diamond company