പട്ന: ബെംഗളൂരുവിൽ ടെക്കിയായ അതുൽ സുബാഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പേരക്കുട്ടിയെ തങ്ങൾക്ക് വിട്ടുകിട്ടണമെന്ന ആവശ്യവുമായി അതുലിന്റെ പിതാവ് രംഗത്ത്. പേരക്കുട്ടി എവിടെയെന്ന് തങ്ങൾക്ക് ഇനിയും അറിയില്ലെന്നും അവനെയെങ്കിലും തങ്ങൾക്ക് വേണമെന്നും അതുലിന്റെ കുടുംബം അഭ്യർത്ഥിച്ചു.
കേസിൽ പ്രതികളായ അതുലിന്റെ ഭാര്യയെയും കുടുംബത്തെയും പിടികൂടിയ പൊലീസ് നീക്കത്തെയും പിതാവ് അഭിനന്ദിച്ചു. തുടർന്നായിരുന്നു പേരക്കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ' ഞങ്ങളുടെ പേരക്കുട്ടിയെ അവൾ എവിടെയാണ് ഒളിപ്പിച്ചത് എന്ന് അറിയില്ല. കുട്ടി ജീവനോടെ ഉണ്ടോ അതോ കൊന്നോ? ഞങ്ങൾക്ക് ഒന്നും അറിയില്ല. എനിക്ക് ഞങ്ങളുടെ പേരക്കുട്ടിയെ ഒപ്പം വേണം'; അതുലിന്റെ പിതാവ് പറയുന്നു.
ടെക്കിയുടെ ആത്മഹത്യയിൽ ഭാര്യയും ഭാര്യാമാതാവും സഹോദരനും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തർ പ്രദേശിൽ വെച്ചായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ നിഖിതയും അമ്മ നിഷയും സഹോദരൻ സുശീലമാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയോടെ ഭാര്യാമാതാവും യുവതിയുടെ സഹോദരനും ഒളിവില്‍ പോയിരുന്നു. വീടിന് മുൻപിൽ റിപ്പോർട്ടർമാർ അടക്കം ക്യാമ്പ് ചെയ്തിരുന്ന സമയത്താണ് ആളുകളുടെ മുന്നിലൂടെ ഇവർ കടന്ന് കളഞ്ഞത്. റിപ്പോർട്ടർമാർ എങ്ങോട്ടെന്ന് ചോദിച്ചപ്പോൾ അമ്മയ്ക്ക് വയ്യ എന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്നുമായിരുന്നു സഹോദരന്റെ മറുപടി. വീട് പൂട്ടിയിട്ടാണ് ഇരുവരും പോയത്.
Content Highlights: Athul Subash's father wants his grandkid to be with him