ന്യൂഡൽഹി: തനിക്ക് നല്ലൊരു രാഷ്ട്രീയഭാവി ഉണ്ടാക്കിനൽകിയതും അതേസമയം അവ നശിപ്പിച്ചതും ഗാന്ധി കുടുംബമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. പിടിഐകെ നൽകിയ അഭിമുഖത്തിലായിരുന്നു മണിശങ്കർ അയ്യർ ഗാന്ധി കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
ഗാന്ധി കുടുംബം തന്നെ നിരവധി തവണ തഴഞ്ഞതായും മണിശങ്കർ അയ്യർ വെളിപ്പെടുത്തി. പത്ത് വർഷത്തോളം തനിക്ക് സോണിയാ ഗാന്ധിയെ കാണാൻ അനുവാദം ഉണ്ടായിരുന്നില്ല. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പവും തനിക്ക് സമയം ചിലവഴിക്കാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും പ്രിയങ്ക മാത്രമാണ് തന്നോട് അല്പമെങ്കിലും പരിഗണന കാട്ടിയതെന്നും മണിശങ്കർ അയ്യർ പറയുന്നു. തുടർന്നാണ് തനിക്ക് മികച്ചൊരു രാഷ്ട്രീയഭാവി ഉണ്ടാക്കിനൽകിയതും അത് നശിപ്പിച്ചതും ഗാന്ധി കുടുംബമാണെന്ന് മണിശങ്കർ അയ്യർ പറഞ്ഞത്.
പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം രാഹുലുമായി മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ലെന്നും മണിശങ്കർ അയ്യർ പറയുന്നുണ്ട്. രാഹുലിന് തന്റെ പിറന്നാൾ ആശംസകൾ അറിയിക്കാൻ തനിക്ക് പ്രിയങ്കയോട് പറയേണ്ടിവന്നു. എന്തുകൊണ്ട് നേരിട്ട് പറയുന്നില്ല എന്ന് പ്രിയങ്ക ചോദിച്ചപ്പോൾ സസ്‌പെൻഡ് ചെയ്യപ്പെട്ടതിനാൽ എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ കഴിയുന്നില്ല എന്ന് മറുപടി നൽകിയതായും മണിശങ്കർ അയ്യർ പറയുന്നു. രാഹുലിന് താൻ നേരിട്ട് കത്തയച്ചിരുന്നുവെന്നും എന്നാൽ അതിന് ഒരു മറുപടിപോലും ഇതുവരെ ലഭിച്ചില്ലെന്നും മണിശങ്കർ അയ്യർ കൂട്ടിച്ചേർക്കുന്നുണ്ട്.
Content Highlights: My Career Made, Then Unmade By Gandhis; Manishankar Aiyar