കൊച്ചി: തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന്റെ മരണത്തിൽ അനുശോചനവുമായി പെരുവനം കുട്ടൻ മാരാർ. തന്റെ ജേഷ്ഠസഹോദരൻ പോയെന്നും മനുഷ്യനായി ഇത്രയും ശ്രേഷ്ഠനായ ഒരാളെ നഷ്ടപ്പെട്ട ദുഃഖം താങ്ങാനാകുന്നതിലും അധികമാണെന്നും കുട്ടൻ മാരാർ റിപ്പോർട്ടറിനോട് പറഞ്ഞു.
താളവിന്യാസം കൊണ്ട് തന്റെ മനസ്സിൽ സാക്കിർ ഹുസൈൻ ഒരു ദൈവമായി എപ്പോഴും നിലകൊള്ളുമെന്നും കുട്ടൻ മാരാർ പറഞ്ഞു. തുടർന്ന് പെരുവനം ഗ്രാമത്തിലേക്ക് സാക്കിർ ഹുസൈൻ എത്തിയ കഥയും കുട്ടൻ മാരാർ പങ്കുവെച്ചു. 2017ൽ പെരുവനം ഗ്രാമത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ, കേരളത്തിന്റെ സംസ്കാരത്തോടുള്ള ബഹുമാനം കൊണ്ട് വരാൻ സമ്മതിച്ചു. മലയാളികളുടെ വകയായി അന്ന് അദ്ദേഹത്തിന് ഒരു വീരശൃംഗല നൽകിയിരുന്നു. പെരുവനം ഗ്രാമം ഒട്ടാകെ അന്ന് അദ്ദേഹം വന്നതിലൂടെ ആദരിക്കപ്പെടുകയായിരുന്നു. കേരളീയ അകലകളെ എന്നും ബഹുമാനത്തോടെ കണ്ട ആളായിരുന്നു അദ്ദേഹമെന്നും, മേളം കേട്ട് എഴുന്നേറ്റ് നിന്ന് കയ്യടിച്ച ആളാണ് അദ്ദേഹമെന്നും കുട്ടൻ മാരാർ പറഞ്ഞു.
1999ൽ തനിക്ക് പുരസ്‌കാരം നൽകിയത് സാക്കിർ ഹുസൈനാണ്, അതേ വർഷം എനിക്ക് തൃശൂർ പൂരത്തിൽ പ്രമാണിയാകാൻ സാധിക്കുകയും ചെയ്‌തെന്നും പെരുവനം കുട്ടൻ മാരാർ പറഞ്ഞു.
അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലായിരുന്നു സാക്കിർ ഹുസൈനിന്റെ അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. 1951-ൽ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ മികവ് കാട്ടിയ അദ്ദേഹം 12 വയസ്സുള്ളപ്പോൾ കച്ചേരികളിൽ അവതരിപ്പിക്കാൻ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. ശക്തി" എന്ന ഫ്യൂഷന്‍ സംഗീത ബാന്‍ഡിന് 1974ൽ രൂപം നൽകി. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെൻ്റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു. മലയാളത്തില്‍ ‘വാനപ്രസ്ഥം’ അടക്കം ഏതാനും സിനിമകൾക്ക് സംഗീതം നൽകി.
1991ലും 2009ലും ഗ്രാമി പുരസ്‌കാരം ലഭിച്ചു. പ്രശസ്‌ത കഥക് നര്‍ത്തകിയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Peruvanam Kuttan Marar on Zakir Hussain