ന്യൂഡല്‍ഹി: ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക ചര്‍ച്ച ഇന്ന് രാജ്യസഭയില്‍ തുടങ്ങും. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ചര്‍ച്ചക്ക് തുടക്കമിടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസംഗവും ഇന്നുണ്ടാകും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ള നേതാക്കളും സംസാരിക്കും. ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല.
അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നാളെ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. ഇന്ന് അവതരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. ബില്ലിന് എതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് സാധ്യത. 2034 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പുകള്‍ കൂടി നടത്താനാണ് ബില്ല് നിര്‍ദേശിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ നിലവിലെ പല സംസ്ഥാനങ്ങളിലേയും നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടി വരും.
ആദ്യ ഘട്ടത്തില്‍ ലോക്‌സഭ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും, പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കം. ഭരണഘടന ഭേദഗതി വേണ്ടതിനാൽ ബില്‍ പാസാകാന്‍ കടമ്പകള്‍ ഏറെയാണ്. ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല.
Content Highlights: Rajya Sabha Constitution discussion begins today Prime Minister will not attend