ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ സന്ധ്യ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഒരുങ്ങി ഹൈദരാബാദ് പൊലീസ്. തിയറ്റര്‍ അധികൃതര്‍ക്ക് പൊലീസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പത്ത് ദിവസത്തിനകം തിയറ്റര്‍ അധികൃതര്‍ കാരണം ബോധിപ്പിക്കണം. മറുപടി തൃപ്തികരമല്ലെങ്കില്‍ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് പൊലീസിന്റെ തീരുമാനം. ഡിസംബര്‍ നാലിന് രാത്രി നടന്ന സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ഹൈദരാബാദ് പൊലീസ്.
പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയാണ് ദാരുണമായ സംഭവം നടന്നത്. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്‌നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു. രേവതിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് അല്ലു രംഗത്തെത്തി. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അല്ലു അറിയിച്ചു.
തൊട്ടുപിന്നാലെ സന്ധ്യ തിയറ്റര്‍ ഉടമ, മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിന് ശേഷം അല്ലു അര്‍ജുനേയും കേസില്‍ പ്രതിയാക്കി. മുന്നറിയിപ്പില്ലാതെ അല്ലു അര്‍ജുന്‍ തിയറ്ററില്‍ എത്തിയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ഹൈദരാബാദ് പൊലീസ് ചൂണ്ടിക്കാട്ടിയത്. തിയറ്റര്‍ അധികൃതര്‍ മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നും പൊലീസ് ആരോപിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ നിന്ന് ഒഴിവാക്കണെന്നായിരുന്നു ആവശ്യം. ഇതിന് ശേഷമായിരുന്നു അല്ലുവിന്റെ നാടകീയ അറസ്റ്റ്.
വെള്ളിയാഴ്ച രാവിലെ 11.45ഓടെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്നായിരുന്നു അല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് തൊട്ടുപിന്നാലെ തെലങ്കാന ഹൈക്കോടതി അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ചു. കോടതി ഉത്തരവ് ജയിലില്‍ എത്താന്‍ വൈകിയതോടെ അല്ലു അര്‍ജുന് ഒരു ദിവസം ജയിലില്‍ കഴിയേണ്ടിവന്നിരുന്നു. ശനിയാഴ്ച രാവിലെ 6.30ഓടെയായിരുന്നു അല്ലു ജയില്‍ മോചിതനായത്. ഇതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീതേജിന് എല്ലാ ചികിത്സാ സഹായങ്ങളും ലഭ്യമാക്കുമെന്ന് വ്യക്തമാക്കി അല്ലു രംഗത്തെത്തിയിരുന്നു.
Content Highlights- police decided to cancel licence of sandhya theater over death of woman in pushpa release day