ഇംഫാൽ: മണിപ്പൂരിൽ സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഉപകരണങ്ങൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. സ്നിപ്പർ റൈഫിളുകൾ, പിസ്റ്റളുകൾ ഗ്രനേഡുകൾ മറ്റ് ആയുധങ്ങൾ എന്നിവയ്ക്കൊപ്പമാണ് സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഉപകരണങ്ങൾ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ നിന്ന് കണ്ടെടുത്തതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
ഡിസംബർ 13 ന് ചുരാചന്ദ്പൂർ, ചന്ദേൽ, ഇംഫാൽ ഈസ്റ്റ്, കാങ്‌പോക്പി എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ നടന്ന യോജിച്ച ഓപ്പറേഷനിലാണ് ഇവ കണ്ടെടുത്തതെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് പ്രവർത്തന ലൈസൻസുള്ളിടത്ത് സേവനം നൽകുന്ന ഉപഗ്രഹ ഇൻ്റർനെറ്റ് സംവിധാനമാണ്.
ആയുധങ്ങൾക്കൊപ്പം സ്റ്റാർലിങ്ക് സാറ്റ്ലൈറ്റ് ഇൻ്റർനെറ്റ് ഉപകരണങ്ങൾ പിടിച്ചെടുത്തത് സുരക്ഷാ ഉദ്യോഗസ്ഥർ ഗൗരവത്തിലാണ് കാണുന്നത്. ഈ ഉപകരണങ്ങൾ കലാപകാരികളുടെ കൈവശം എങ്ങനെയെത്തിയെന്ന് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുന്നതായാണ് റിപ്പോർട്ട്.
വിദൂരവും ഇൻ്റർനെറ്റ് ലഭ്യതയില്ലാത്തതുമായ പ്രദേശങ്ങളിൽ പോലും ഇൻ്റർനെറ്റ് ആക്‌സസ് നൽകാനുള്ള ശേഷിയാണ് സ്റ്റാർലിങ്കിൻ്റെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തടസ്സപ്പെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാവുന്ന പരമ്പരാഗത ആശയവിനിമയ രീതികളിൽ നിന്ന് വ്യത്യസ്തമാണ് സാറ്റ്ലൈറ്റ് ഇൻ്റർനെറ്റ്. ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ ഇവ ഉപയോഗിച്ചുള്ള ആശയവിനിമയങ്ങൾ നിരീക്ഷിക്കുന്നത് രഹസ്യാന്വേഷണ ഏജൻസികൾക്ക് ബുദ്ധിമുട്ടാക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
മണിപ്പൂരിലെ ഏറ്റവും സജീവമായ വിമത ഗ്രൂപ്പുകളിലൊന്നായ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ടുമായും (ആർപിഎഫ്) അതിൻ്റെ സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമിയുമായും (പിഎൽഎ) ബന്ധിപ്പിക്കുന്ന തെളിവുകൾ കണ്ടെടുത്ത ആയുധങ്ങളിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഇതുവരെ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ലൈസൻസ് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ ഉപകരണങ്ങൾ വിമത ഗ്രൂപ്പിൻ്റെ കൈവശം എത്തിയിരിക്കുന്നത്. ഈ ഉപകരണം രാജ്യത്തേക്ക് കടത്തുകയോ നിയന്ത്രണങ്ങൾ മറികടക്കാൻ വ്യാജ ജിയോടാഗിംഗ് ഉപയോഗിച്ച് സജീവമാക്കുകയോ ചെയ്തിരിക്കാമെന്നാണ് സുരക്ഷാ വിശകലന വിദഗ്ധരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ മണിപ്പൂരിലെ കലാപകാരികൾ സ്റ്റാർലിങ്ക് ഉപയോഗിച്ചു എന്ന ആരോപണം തെറ്റാണെന്നായിരുന്നു മസ്കിൻ്റെ പ്രതികരണം. ആരോപണങ്ങൾ "തെറ്റാണ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബീമുകൾ ഇന്ത്യയ്ക്ക് മുകളിൽ ഓഫാക്കിയിരിക്കുകയാണ് എന്നും മസ്ക് കൂട്ടിച്ചേർത്തിരുന്നു. നിലവിൽ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് ഇല്ല.
Content Highlights: Starlink devices made by Elon Musk's SpaceX seized from Manipur outfit