ന്യൂഡൽഹി: ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടും യൂട്യൂബ് പേജിൽ നിന്ന് വരുമാനമൊന്നും ലഭിക്കാത്തതിനെത്തുടർന്ന്, യൂട്യൂബ് കരിയർ അവസാനിപ്പിച്ച് യുവതി. നളിനി ഉനഗർ എന്ന പാചക കണ്ടന്റ് ക്രിയേറ്ററാണ് എല്ലാം മതിയാക്കി, ചാനൽ അടക്കം 'പൂട്ടികെട്ടി'യത്.
'നളിനിസ് റെസിപ്പി കിച്ചൻ' എന്ന പേരിൽ ഒരു പാചക യൂട്യൂബ് ചാനൽ നടത്തിവരികയായിരുന്നു നളിനി ഉനഗർ. ഇതിനായി എട്ട് ലക്ഷത്തോളം രൂപ ചിലവാക്കി അടുക്കള ഉണ്ടാക്കിയെടുക്കുകയും, ഷൂട്ട് ചെയ്യാനുള്ള സാമഗ്രികൾ വാങ്ങുകയും ചെയ്തു. എന്നാൽ യൂട്യൂബിൽ നിന്ന് ഒരു രൂപ പോലും വരുമാനമായി ലഭിച്ചില്ല. ഇതോടെയാണ് തന്റെ ഉപകരണങ്ങളും മറ്റുമെല്ലാം വിൽക്കാൻ വെച്ചുകൊണ്ട്, താൻ തന്റെ യൂട്യൂബ് കരിയർ അവസാനിപ്പിക്കുകയാണെന്ന് നളിനി അറിയിച്ചത്. ചാനലിൽ ഉണ്ടായിരുന്ന 250-ാളം വീഡിയോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
തന്റെ ഷൂട്ടിങ് സാധനസാമഗ്രികൾ വിൽക്കുകയാണെന്നും ആർക്കെങ്കിലും താത്പര്യമുണ്ടെകിൽ സമീപിക്കുകയെന്നും ആവശ്യപ്പെട്ടാണ് നളിനി ആദ്യം എക്‌സിൽ പോസ്റ്റ് ചെയ്തത്. തുടർന്നാണ് ഏറെ വിഷമകരമായ ഒരു കുറിപ്പുമായി നളിനി രംഗത്തുവന്നത്. ' ഞാൻ ഇക്കാര്യം പറയേണ്ടിയിരിക്കുന്നു. ഏകദേശം 8 ലക്ഷത്തോളം രൂപയാണ് അടുക്കള നിർമിക്കാനും പ്രൊമോഷനുകൾക്കും, ഷൂട്ടിങ് സാമഗ്രികൾ വാങ്ങാനുമായി ഞാൻ ചിലവാക്കിയത്. എന്നാൽ തിരികെ ലഭിച്ചതോ? വെറും പൂജ്യം !'
നളിനിയുടെ ഈ എക്സ് പോസ്റ്റിന് പിന്നാലെ വിട്ടുകൊടുക്കരുതെന്ന പ്രചോദന സന്ദേശങ്ങളുമായി നിരവധി പേർ രംഗത്തുവന്നിരുന്നു. എന്നാൽ അവർക്കെല്ലാം നളിനി മറുപടി നൽകിയത് ഇങ്ങനെയാണ്.'മൂന്ന് വർഷമാണ് ഞാൻ യൂട്യൂബ് ചാനലിനായി ചിലവാക്കിയത്. ഒരുപാട് വീഡിയോകൾ ചെയ്തു. പക്ഷെ, വിചാരിച്ച ഒരു പ്രതികരണവും ലഭിച്ചില്ല. ഓൺലൈൻ പ്ലാറ്റ്‌ഫോമുകള്‍ ഭാഗ്യം വേണ്ട ഒരു സ്ഥലം കൂടിയാണ്. അവയെ പ്രധാന വരുമാന മാർഗമായി ഒരിക്കലും കാണരുത്' എന്ന് നളിനി പറയുന്നു.
ഇത്രയെല്ലാം നളിനി വിശദീകരിച്ചിട്ടും ഒരിക്കലും വിട്ടുകൊടുക്കരുത് എന്ന് ഉപദേശിക്കുകയാണ് മറ്റ് എക്സ് ഉപയോക്താക്കൾ. നിരവധി അനുകൂല സന്ദേശങ്ങളാണ് നളിനിയ്ക്ക് മറുപടിയായി ലഭിച്ചത്. എന്തിനാണ് വീഡിയോകൾ ഡിലീറ്റ് ചെയ്തത് എന്നും നല്ല സമയത്തിന് ഇനിയും കാത്തിരിക്കാമായിരുന്നുവെന്നും ചിലർ പറയുന്നുണ്ട്. ചിലർ ഒരിക്കലും തളരരുതെന്നും മറ്റ് മേഖലകളിൽ ശോഭിച്ച് മിടുക്കുകാട്ടാനും നളിനിയോട് ആവശ്യപ്പെടുന്നുണ്ട്.
Content Highlights: women quits 3 year youtube career after getting zero income