കർഷക സമര നേതാവ് ധല്ലേവാളിൻ്റെ ആരോഗ്യനില വഷളായി; മനം നൊന്ത് വിഷം കഴിച്ച കര്‍ഷകന്‍ മരിച്ചു

തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ധല്ലേവാളിന്റെ നിരാഹാര സമരം 22ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്

dot image

ചണ്ഡിഗഡ്: പഞ്ചാബില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കര്‍ഷകന്‍ മരിച്ചു. കര്‍ഷക നേതാവ് രഞ്‌ജോദ് സിംഗ് ഭംഗുവാണ് മരിച്ചത്. നിരാഹാര സമരം തുടരുന്ന കര്‍ഷക നേതാവായ ജഗ്ജിത് സിംഗ് ധല്ലേവാളിന്റെ ആരോഗ്യനില വഷളായതില്‍ മനം നൊന്തായിരുന്നു ഭംഗു വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് ആശുപത്രിയില്‍ വച്ചായിരുന്നു 57കാരനായ ഭംഗുവിൻ്റെ മരണം.

അതേസമയം ധല്ലേവാളിൻ്റെ നിരാഹാര സമരം 22-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. നിരാഹാര സമരത്തിന്റെ പതിനേഴാം ദിവസം താന്‍ തന്നെ ബലി നല്‍കുകയാണെന്നും അങ്ങനെയെങ്കിലും മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ജഗ്ജിത് സിങ് ധല്ലേവാള്‍ തുറന്ന കത്തെഴുതിയിരുന്നു.

മൂന്ന് കര്‍ഷക കരിനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വിളകള്‍ക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ, കാര്‍ഷിക കടം എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, വൈദ്യുതി നിരക്ക് വര്‍ധനവിനുള്ള നിര്‍ദേശം പിന്‍വലിക്കുക, കര്‍ഷകര്‍ക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കല്‍, ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി, 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കുക, 2020-21ല്‍ ഡല്‍ഹിയില്‍ നടന്ന സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

Content Highlight: Worried as Jagjith singh dhallewal's health deteriorated, Farmer who poisoned himself died

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us