ചെന്നൈ: ഡോ ബിആര്‍ അംബേദ്കറിനെതിരായ ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയെ വിമര്‍ശിച്ച് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. അംബേദ്കറുടെ പേര് ചിലര്‍ക്ക് അലര്‍ജിയാണെന്ന് വിജയ് എക്‌സില്‍ കുറിച്ചു. അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജിയാണ്. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച ഇന്ത്യയിലെ എല്ലാ ജനങ്ങളാലും ബഹുമാനിക്കപ്പെട്ട, താരതമ്യപ്പെടുത്താനാവാത്ത രാഷ്ട്രീയ, ബൗദ്ധിക വ്യക്തിത്വമായിരുന്നു അദ്ദേഹം. അംബേദ്കര്‍… അംബേദ്കര്‍… അംബേദ്കര്‍… അദ്ദേഹത്തിന്റെ പേരാണത്. ആ മഹത്തായ നാമം നമ്മുടെ ഹൃദയങ്ങളിലും ചുണ്ടുകളിലും സന്തോഷത്തോടെ ഉച്ചരിക്കാം, വിജയ് പറഞ്ഞു.
അംബേദ്കറെ അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും വിജയ് വ്യക്തമാക്കി.
അതേസമയം, അംബേദ്കറെച്ചൊല്ലി ഇന്ന് നടത്തിയ പ്രതിഷേധത്തിനിടെ ഭരണപക്ഷ പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ കയ്യാങ്കളിയും വാക്കേറ്റവുമുണ്ടായി. ഇരുപക്ഷത്തെ എംപിമാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗിക്ക് പരിക്കേറ്റു.
അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷം. പാര്‍ലമെന്റില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിപക്ഷപ്രതിഷേധം. രാഹുല്‍ ഗാന്ധി പതിവ് വെള്ള ഷര്‍ട്ട് ഉപേക്ഷിച്ച് നീല ഷര്‍ട്ട് ഇട്ടുകൊണ്ടാണ് പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നിന്നത്. ഇതേസമയം കോണ്‍ഗ്രസ് അംബേദ്കറെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാരും പാര്‍ലമെന്റിന് മുന്‍പാകെ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇവര്‍ മുഖാമുഖം വന്നതോടെയാണ് കയ്യാങ്കളിയിലും വാക്കേറ്റത്തിലും കലാശിച്ചത്.
Content Highlight: Actor Vijay lashes out at Amit Shah for Ambedkar remark