ന്യൂഡല്‍ഹി: മനുഷ്യബന്ധങ്ങളുടെ പാലങ്ങള്‍ പണിത് വൈവിധ്യങ്ങളെ ആഘോഷിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഡല്‍ഹിയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ പാര്‍ലമെന്റേറിയന്‍ കൗണ്‍സില്‍ ക്രിസ്മസിനോടനുബന്ധിച്ച് സംഘടിപ്പിച്ച സ്‌നേഹക്കൂട്ടായ്മയില്‍ മുഖ്യാതിഥിയായിരുന്നു സാദിഖലി തങ്ങള്‍. വൈവിധ്യങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുന്നതാണ് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭയുടെ പരമാദ്ധ്യക്ഷനായ മലങ്കര മെത്രാപ്പൊലീത്ത ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ക്രിസ്മസ് സന്ദേശം നല്‍കി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ഫരീദാബാദിലെ സിറോ മലബാര്‍ കാത്തലിക്ക് എപ്പാര്‍ക്കിയിലെ കത്തോലിക്ക ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, എംപിമാരായ പ്രിയങ്ക ഗാന്ധി, കനിമൊഴി, ഡെറക് ഒബ്രയന്‍, കൊടിക്കുന്നില്‍ സുരേഷ്, ഇ ടി മുഹമ്മദ് ബഷീര്‍, ശശി തരൂര്‍, പി വി അബ്ദുല്‍വഹാബ്, ഡോ. എംപി അബ്ദുസമദ് സമദാനി, ബെന്നി ബെഹനാന്‍, ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.