പ്രതിഷേധം അതിരുവിട്ടു; അംബേദ്കറെച്ചൊല്ലി ഭരണ - പ്രതിപക്ഷ കയ്യാങ്കളി, വാക്കേറ്റം

ഇരുപക്ഷത്തെ എംപിമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി

dot image

ന്യൂഡൽഹി: അംബേദ്കറെച്ചൊല്ലി നടത്തുന്ന പ്രതിഷേധത്തിനിടെ ഭരണപക്ഷ പ്രതിപക്ഷ എംപിമാർ തമ്മിൽ കയ്യാങ്കളിയും വാക്കേറ്റവും. ഇരുപക്ഷത്തെ എംപിമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗിക്ക് പരിക്കേറ്റു.

അമിത് ഷായുടെ അംബേദ്‌കർ പരാമർശത്തിൽ പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷം. പാർലമെന്റിൽ അംബേദ്കർ പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിപക്ഷപ്രതിഷേധം. രാഹുൽ ഗാന്ധി പതിവ് വെള്ള ഷർട്ട് ഉപേക്ഷിച്ച് നീല ഷർട്ട് ഇട്ടുകൊണ്ടാണ് പ്രതിഷേധത്തിന്റെ മുൻനിരയിൽ നിന്നത്. ഇതേസമയം കോൺഗ്രസ് അംബേദ്കറെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാരും പാർലമെന്റിന് മുൻപാകെ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇവർ മുഖാമുഖം വന്നതോടെയാണ് കയ്യാങ്കളിയിലും വാക്കേറ്റത്തിലും കലാശിച്ചത്.

ചൊവ്വാഴ്ച രാജ്യസഭയിലായിരുന്നു അംബേദ്കറെ ചൊല്ലി അമിത് ഷായുടെ വിവാദ പരാമർശം ഉണ്ടായത്. അംബേദ്കര്‍ എന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വര്‍ഗത്തില്‍ പോകാം എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധം അഴിച്ചുവിട്ടത്തോടെ അമിത് ഷായ്ക്ക് പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കേണ്ടിവന്നിരുന്നു. ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടുപോയ സര്‍ക്കാരാണ് ബിജെപിയുടേതെന്നും ഭരണഘടനയേയും അംബേദ്കറേയും അപമാനിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും സത്യം അസത്യം കൊണ്ട് മൂടി കോൺഗ്രസ് കള്ളപ്രചാരണം നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അതേസമയം, അമിത്ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസനും രംഗത്തെത്തി. 'അംബേദ്കറുടെ ആശയങ്ങളാണ് ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തിയത്. അംബേദ്കര്‍ സാമൂഹിക അനീതിയുടെ അതിര്‍വരമ്പ് ഭേദിച്ചു, അംബേദ്കറിന്റെ ആദര്‍ശങ്ങളില്‍ വിശ്വസിക്കുകയും സാമൂഹ്യ നീതിക്കായി പോരാടുകയും ചെയ്യുന്ന ആര്‍ക്കും അദ്ദേഹത്തെ കളങ്കപ്പെടുത്തുന്നത് സഹിക്കാനാവില്ല പാര്‍ലമെന്റില്‍ നടക്കേണ്ടത് അംബേദ്കര്‍ ആശയങ്ങളുടെ അര്‍ത്ഥവത്തായ ചര്‍ച്ച'- കമല്‍ഹാസന്‍ പറഞ്ഞു.

Content Highlights: Fight between government and opposition on ambedkar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us