റാഞ്ചി: അതിശൈത്യത്തെ തുടര്‍ന്ന് വിവാഹച്ചടങ്ങിനിടെ വരന്‍ ബോധംകെട്ടു വീണു. ഇതിന് പിന്നാലെ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ജാര്‍ഖണ്ഡിലെ ദേവ്ഘറില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഘോര്‍മര സ്വദേശി അര്‍ണവും ബിഹാര്‍ സ്വദേശിനി അങ്കിതയും തമ്മിലായിരുന്നു വിവാഹം. അര്‍ണവ് ബോധരഹിതനായി വീണതോടെ അങ്കിത വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു
അര്‍ണവിന്റെ നാട്ടില്‍ തുറന്ന മണ്ഡപത്തില്‍വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. ചടങ്ങിന്റെ അവസാനം വധൂവരന്മാര്‍ അഗ്നിക്ക് വലംവെയ്ക്കാനൊരുങ്ങവേ അര്‍ണവ് വിറച്ച് ബോധരഹിതനായി വീഴുകയുമായിരുന്നു. ഉടന്‍തന്നെ അര്‍ണവിന് ബന്ധുക്കള്‍ പ്രഥമ ശുശ്രൂഷ നല്‍കി. തൊട്ടുപിന്നാലെ ഡോക്ടറെത്തി അര്‍ണവിനെ പരിശോധിക്കുകയും ചെയ്തു. തണുത്ത കാലാവസ്ഥയാണ് അര്‍ണവ് ബോധംകെട്ടുവീഴാന്‍ കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.
ഒന്നര മണിക്കൂറിന് ശേഷമായിരുന്നു അര്‍ണവിന് ബോധം തിരിച്ചുകിട്ടിയത്. ഇതോടെ അര്‍ണവിന് ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടെന്ന് അങ്കിത ഭയക്കുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. ഇതിന് പിന്നാലെ വിവാഹഘോഷയാത്രയുമായി ബന്ധപ്പെട്ടും ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.
സാധാരണയായി വരന്റെ കുടുംബമാണ് വിവാഹഘോഷയാത്രയുമായി വധുവിന്റെ വീട്ടിലേയ്ക്ക് വരിക. എന്നാല്‍ ഇവിടെ മറിച്ചാണ് സംഭവിച്ചത്. വരന്റെ വീട്ടിലേക്ക് ഘോഷയാത്രയുമായി എത്തിയത് വധുവിന്റെ വീട്ടുകാരായിരുന്നു. ഈ വിഷയം അങ്കിത ഉന്നയിക്കുകയും കുടുംബാംഗങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തു. ഇതോടെ വധൂ, വരന്മാരുടെ കുടുംബങ്ങള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിലും ഉണ്ടായി. തുടര്‍ന്ന് അങ്കിതയുടെ കുടുംബം പ്രശ്ന പരിഹാരത്തിന് പൊലീസിന്റെ സഹായം തേടി. വിവാഹവുമായി മുന്നോട്ടുപോകാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചെങ്കിലും ഇരുകുടുംബവും വഴങ്ങിയില്ല.
Content Highlights- jharkhand woman cancels wedding after groom faints due to cold