സിനിമാ സ്‌റ്റെലില്‍ മോഷണം; ബാങ്ക് നിലവറയുടെ ഭിത്തികള്‍ തകര്‍ത്ത് ലോക്കറുകളിലെ സ്വര്‍ണ്ണം കവര്‍ന്നു

ക്യാമറയുടെ കേബിളുകള്‍ മുറിച്ചു, അലാറം കേടാക്കി, മോഷണം വ്യത്യസ്ത രീതിയില്‍

dot image

സൂറത്ത് : 2008 ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് സിനിമയായ 'ദി ബാങ്ക് ജോബ്' ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സൂറത്തില്‍ വന്‍ ബാങ്ക് കവര്‍ച്ച. കളളന്മാര്‍ ബാങ്ക് നിലവറയുടെ ഭിത്തി തകര്‍ത്ത് അവിടെയുളള 75 ലോക്കറുകളില്‍ ആറെണ്ണത്തില്‍നിന്ന് പണവും സ്വര്‍ണ്ണവും മോഷ്ടിക്കുകയായിരുന്നു. കിം ക്രോസ്‌ റോഡിന് സമീപമുളള യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. മോഷണത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടില്ല. ഭിത്തിയില്‍ രണ്ടടി വലിപ്പമുള്ള കുഴിയുണ്ടാക്കിയാണ് ഇവര്‍ ലോക്കര്‍ റൂമിലേക്ക് കടന്നത്.

മോഷണത്തിന് മുന്‍പ് ബാങ്കിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ കേബിളുകള്‍ മുറിച്ച മോഷ്ടാക്കള്‍ ബാങ്കിന്റെ അലാറം കേടുവരുത്തുകയും ചെയ്തിരുന്നു. മൂന്ന് മണിക്കൂറോളം മോഷ്ടാക്കള്‍ ബാങ്കില്‍ത്തന്നെ ഉണ്ടായിരുന്നു. 75 ലോക്കറുകളില്‍ ആറെണ്ണം തകര്‍ക്കുകയും ചെയ്തു. തകര്‍ന്ന ആറ് ലോക്കറുകളില്‍ മൂന്നെണ്ണം ശൂന്യമായിരുന്നു. മറ്റൊന്നില്‍നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ ലോക്കര്‍ ഉടമകളെല്ലാം പലയിടങ്ങളിലായതുകൊണ്ട് ഉടമകള്‍ പരിശോധിച്ച ശേഷമേ പോലീസിന് ലോക്കറുകളുടെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കൂ.

മോഷണം നടത്തിയത് പ്രൊഫഷണലുകളാണെന്നും പരസ്പരം അറിയാവുന്ന ആരെങ്കിലും രഹസ്യവിവരം നല്‍കിയതാകാമെന്നും മോഷ്ടാക്കളെ കണ്ടെത്താന്‍ ഒന്നിലധികം പൊലീസ് ടീമുകള്‍ ശ്രമിക്കുന്നുണ്ടെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. റിമോട്ട് ക്യാമറയില്‍ പതിഞ്ഞ ചില അവ്യക്തമായ ദൃശ്യങ്ങളില്‍ നിന്ന് അഞ്ചോളം പേര്‍ ബാങ്കിനുളളില്‍ കടന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവ സ്ഥലത്തുനിന്ന് ലോക്കറുകള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് കട്ടര്‍ കണ്ടെത്തിയിട്ടുണ്ട്.

Content Highlights :Theft in Cinema Style . Thieves broke the walls of the bank vault and stole gold from the lockers

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us