മുംബൈ: ഹണിമൂണ്‍ ആഘോഷം സംബന്ധിച്ചുണ്ടായ വാക്കേറ്റത്തില്‍ നവവരന് നേരെ ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഇബാദ് അതിക് ഫാല്‍ക്കെയ്ക്കാണ് ഭാര്യാ പിതാവിൻ്റെ ആക്രമണത്തില്‍ പരിക്കേറ്റത്.
വിവാഹത്തിന് ശേഷം ഭാര്യക്കൊപ്പം കശ്മീരിലേക്കായിരുന്നു ഇബാദ് ഹണിമൂണ്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ വിദേശത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തണം എന്നതായിരുന്നു ഭാര്യയുടെ കുടുംബത്തിന്റെ ആവശ്യം. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു, ബുധനാഴ്ച പുറത്ത് പോയ നവവരന്‍ തിരിച്ചുവരുന്നത് വരെ കാത്തിരുന്ന ഭാര്യാ പിതാവ് യുവാവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തേക്കിറങ്ങി നടക്കുന്നതിനിടെ സെക്കന്റുകള്‍ക്കുള്ളിലായിരുന്നു ആക്രമണം.
മുഖത്തും ദേഹത്തും പരിക്കേറ്റ യുവാവ് ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ 65കാരനായ ഭാര്യാ പിതാവ് ജാകി ഗുലാം മുര്‍താസ് ഖോടാലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവിനെ ആക്രമിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവിൽ പോയിരുന്നു.
Content Highlight: Wife's father attacks son in law with acid amid scuffle regarding honeymoon