ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയിൽ നിന്ന് ഇഡി അനുമതി നേടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2002 ഡിസംബറിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം പ്രോസിക്യൂഷന് അനുമതി നൽകണമെന്നാണ് ഇഡിയുടെ ആവശ്യം. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് മദ്യ നയ അഴിമതിക്കേസിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.
ക്രിമിനൽ നടപടി ചട്ടപ്രകാരം സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ കള്ളപ്പണം വെളുപ്പിച്ചതിന് പൊതുപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. നവംബർ ആറിനായിരുന്നു സുപ്രീം കോടതി വിധി വന്നത്. വിധി പ്രകാരം പൊതുപ്രവർത്തകർക്കെതിരെ ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിന് പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലായിരുന്നു. എന്നാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), സംസ്ഥാന പൊലീസ്, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവർക്ക് ഇത് നിർബന്ധമാക്കിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്ന് സുപ്രീം കോടതിയുടെ നീരിക്ഷണത്തിലായിരുന്നു ജാമ്യം.
Content Highlights: ED gets Lt Governor's sanction to prosecute Arvind Kejriwal in The case of Delhi Liquor Scam