മുംബൈ: മുംബൈ വഡാലയില്‍ അമിതവേഗതയില്‍ എത്തിയ കാറിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം. അംബേദ്കര്‍ കോളേജിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. രക്ഷിതാക്കള്‍ക്കൊപ്പം വഴിയരികില്‍ താമസിക്കുന്ന നാല് വയസുകാരന്‍ ആയുഷ് ആണ് മരിച്ചത്. കാര്‍ ഓടിച്ച പാര്‍ലെ സ്വദേശി ഭുഷന്‍ ഗോലയെ (19) പൊലീസ് അറസ്റ്റ് ചെയ്തു.
കാര്‍ അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മരിച്ച ആയുഷ് പിതാവ് ലക്ഷ്മണ്‍ കിന്‍വാഡെയ്ക്കും കുടുംബത്തിനുമൊപ്പം കാലങ്ങളായി വഴിയരികിലാണ് താമസിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് കുട്ടി റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വണ്ടി ഇടിച്ച ഉടന്‍ കുട്ടി മരിച്ചതായാണ് വിവരം.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അപകടം ഉണ്ടാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Content Highlights- 4-year-old boy run over by speeding car in Mumbai