ചണ്ഡീഗഡ്: ഹരിയാനയില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ക്ക് മര്‍ദനം. നൂഹ് മേഖലയിലാണ് സംഭവം നടന്നത്. വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമിക്കപ്പെട്ടത്. ഡിസംബര്‍ പതിനെട്ടിന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. അക്രമികള്‍ക്ക് സ്ഥലത്തെ ഗോസംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് വിവരം.
പശു തങ്ങളുടെ മാതാവും കാള തങ്ങളുടെ പിതാവുമാണെന്നും പറഞ്ഞാണ് സംഘം ഡ്രൈവറെ ആക്രമിച്ചത്. 'ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ' എന്ന് ഉരുവിടാന്‍ ഡ്രൈവറെ സംഘം നിര്‍ബന്ധിച്ചു. ഇതിന് പിന്നാലെ യുവാവിനെ സംഘം ആക്രമിക്കുകയായിരുന്നു. യുവാവിനെ മര്‍ദിച്ച സംഘം മുടിയില്‍ കുത്തിപ്പിടിച്ച് റോഡില്‍ വലിച്ചിഴച്ചു. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
നേരത്തെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് കുടിയേറ്റ തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്ന സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി നിസാരവത്കരിച്ചിരുന്നു. ബംഗാളില്‍ നിന്ന് കുടിയേറിയ തൊഴിലാളിയെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം അടിച്ച് കൊല്ലുകയായിരുന്നു.
സംഭവം ആള്‍ക്കൂട്ട കൊലപാതകമല്ലെന്നായിരുന്നു നയാബ് സൈനി പറഞ്ഞത്. സംസ്ഥാനത്ത് പശു സംരക്ഷണ നിയമങ്ങള്‍ കര്‍ശമായാണ് നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിലാളിയുടെ മരണം ആള്‍ക്കൂട്ട കൊലപാതകമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും നയാബ് സിങ് സൈനി പറഞ്ഞിരുന്നു.
Content Highlights- Cow vigilantes assault truck driver for transporting bulls