പ‍ഞ്ചാബിൽ ആറ് നില കെട്ടിടം തകർന്നു വീണു; ഒരു മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു

ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്

dot image

ചണ്ഡീഗഡ്: പഞ്ചാബിലെ മൊഹാലി ജില്ലയിൽ ആറ് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും അധികൃതർ അറിയിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ എത്ര പേരാണ് കുടുങ്ങി കിടക്കുന്നതെന്ന് വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അ​ധികൃതർ അറിയിച്ചു.

അപകടം നടന്നയുടൻ, രക്ഷാപ്രവർത്തനത്തിൻ്റെ ഭാ​ഗമായി രണ്ട് എക്‌സ്‌കവേറ്ററുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സംഘവും (എൻഡിആർഎഫ്) അഗ്നിശമന സേനയും സംഭവ സ്ഥലത്തുണ്ട്. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടെയും ജീവന് ആപത്ത് ഉണ്ടാകരുതെന്നാണ് പ്രാർത്ഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തൻ്റെ ഔദ്യോ​ഗിക എക്സ് പോസ്റ്റിൽ കുറിച്ചു. കുറ്റക്കാർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെട്ടിടത്തിന്റെ സമീപത്തെ ഒരു ബേസ്‌മെൻ്റ് കുഴിച്ച ശേഷമാണ് കെട്ടിടം തകർന്നതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Content Highlights: One died and Many people are trapped in building collapsed in Punjab's Mohali

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us