ഹരിയാനയിൽ ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു; നാലുമരണം, ഒരു കുട്ടിയ്ക്ക് ഗുരുതര പരിക്ക്

ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്

dot image

ഹിസാർ: ഹരിയാനയിലെ ഹിസാറിൽ ഇഷ്ടിക ചൂളയിലെ മതിൽ തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു. ഒരു കുട്ടിയ്ക്ക് ഗുരുതര പരിക്കേറ്റു. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. ചെങ്കൽ ചൂള തൊഴിലാളികളുടെ മക്കളായ നാലുപേരും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.

നിഷ (മൂന്ന് മാസം പ്രായം), സൂരജ് (9 വയസ്), നന്ദിനി (5 വയസ്), വിവേക് (9 വയസ്) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ കുട്ടികളുടെ മാതാപിതാക്കൾ ഇഷ്ടിക നിർമാണ കേന്ദ്രത്തിൽ ജോലി ചെയ്യാനായാണ് ഹിസാറിൽ എത്തിയത്. രാത്രി നിർമാണ ജോലികൾ നടന്നു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. 25 ഓളം തൊഴിലാളികളാണ് സ്ഥലത്ത് ജോലി ചെയ്തിരുന്നത്. തൊഴിലാളികളിൽ കുറച്ച് പേരും കുട്ടികളും ചൂളയുടെ പുകക്കുഴലിന് അടുത്തുള്ള മതിലിന് താഴെ കിടന്നുറങ്ങുകയായിരുന്നു.

സൂരജും നന്ദിനിയും വിവേകും അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് നിഷ മരിച്ചത്. അഞ്ച് വയസുകാരി ഗൗരിയെ ഗുരുതരമായ പരിക്കുകളോടെ ഹിസാർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. മരിച്ച കുട്ടികളെല്ലാവരും ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ നിന്നുള്ളവരാണ്. ഇവരുടെ പോസ്റ്റ്‌മോർട്ടം ഹിസാർ ആശുപത്രിയിൽ നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

Content Highlights: 4 children dead, 3 injured after wall collapses in Haryana's brick kiln

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us