ഹൈദരാബാദ്: നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബർ 13-ന് നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നടന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഇക്കഴിഞ്ഞ ഡിസംബർ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു.
ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയത്. ഇതിനിടെ അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ രേവതിയും മകൻ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ദിവസങ്ങൾക്കുശേഷം മകന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തു.
സന്ധ്യാ തിയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ഇൻ ചാർജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ അല്ലു അർജുനെ കേസിൽ പ്രതി ചേർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലിൽ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്.
അല്ലു അർജുൻ്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. ഒരു പറ്റം വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനമെന്ന നിലയിൽ വീടിന് മുന്നിലേക്കെത്തി ആക്രമണം അഴിച്ചുവിട്ടതെന്നാണ് പൊലീസ് നൽകിയ വിവരം. ഇവർ മതിൽക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും വീടിന് നേരെ തക്കാളിയും കല്ലും എറിയുകയും സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Allu Arjun Summoned For Police Inquiry On December 24