ഹൈദരാബാദ്: പുഷ്‌പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും യുവതി മരിക്കുകയും മകന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്ത സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി തെലുങ്ക് സിനിമ പ്രതിനിധികൾ. അമേരിക്കയിലുള്ള ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ചെയർമാൻ ദിൽ രാജു തിരിച്ചെത്തിയാലുടൻ ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. നിർമ്മാതാവായ സൂര്യദേവര നാഗവംശിയാണ് വാർത്ത പുറത്ത് വിട്ടത്. യോഗത്തിൽ തെലുങ്ക് സിനിമ ലോകം നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കും.
അല്ലു അർജ്ജുൻ്റെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഉണ്ടാകുന്നത്. താൻ മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് പ്രത്യേക ആനുകൂല്യ ഷോകൾക്ക് അനുമതി നൽകില്ലായെന്നും സിനിമ ടിക്കറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ അനുവദിക്കില്ലായെന്നും നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
ഡിസംബർ 21ന് അസംബ്ലിയിൽ പ്രസംഗിക്കവെ, തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ പൊലീസ് അനുമതിയില്ലാതെ തിയേറ്റർ സന്ദർശിക്കുകയും ചെയ്തതിന് അല്ലു അർജുനെ രേവന്ത് റെഡ്ഡി രൂക്ഷമായി വിമർശിച്ചിരുന്നു. മരിച്ചുപോയ കുടുംബത്തെ കാണാനോ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കാണാനോ പോകാത്തതിനും താരം വിമർശനത്തിന് വിധേയനായി. ജയിൽ മോചിതനായ അല്ലു അർജ്ജുനെ കാണാൻ വീട്ടിലെത്തിയ സിനിമ പ്രവർത്തകരെയും രേവന്ത് റെഡ്ഡി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന സിനിമ നയങ്ങളിലെ മാറ്റങ്ങളാണ് ചർച്ചയിലേക്ക് നയിച്ചത്.
content highlight- Pushpa 2 case: Telugu film representatives set to meet Revanth Reddy