ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ വെറും മാസങ്ങൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനെ ലക്ഷ്യമിട്ട് പ്രചാരണം ആരംഭിച്ച് ബിജെപി. കെജ്‌രിവാളിനെതിരായുള്ള അഴിമതി ആരോപണങ്ങളും മറ്റും ചൂണ്ടിക്കാട്ടി ബിജെപി 'കുറ്റപത്രം' പുറത്തിറക്കി.
അരവിന്ദ് കെജ്‌രിവാൾ സർക്കാർ ജനങ്ങളുടെ സർക്കാരല്ല, ജയിലിൽ പോകുന്നവരുടെ സർക്കാരാണെന്ന്, 'കുറ്റപത്രം' പുറത്തിറക്കി കൊണ്ട് ബിജെപി നേതാക്കൾ ആരോപിച്ചു. ബിജെപി എംപി അനുരാഗ് ടാക്കൂറാണ് 'കുറ്റപത്രം' പുറത്തിറക്കിയത്. ഈ പുസ്തകത്തിൽ കെജ്‍രിവാളിനെതിരായ അഴിമതി ആരോപണങ്ങളും, സർക്കാരിന്റെ വീഴ്ചകളും മറ്റുമെല്ലാമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കുടിവെള്ള ലഭ്യത, മദ്യനയ അഴിമതി തുടങ്ങിയ എല്ലാ വിഷയങ്ങളും പുസ്തകത്തിലുണ്ട്. എന്നാൽ ഈ 'കുറ്റപത്ര'ത്തെ കെജ്‌രിവാൾ തള്ളുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പിന് മുൻപാകെ ആം ആദ്മി പ്രഖ്യാപിച്ച നിരവധി പദ്ധതികളുടെ തിരക്കിലായ കെജ്‌രിവാൾ തിരഞ്ഞെടുപ്പിനെ നേരിടാനല്ല, തന്നെ കുറ്റപ്പെടുത്താൻ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് കുറ്റപ്പെടുത്തി.
അതേസമയം, തിരഞ്ഞെടുപ്പിനെ നേരിടാൻ ആം ആദ്മി പാർട്ടി സുസജ്ജമായിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മൂന്ന് മാസം ശേഷിക്കെ തന്നെ മുഴുവൻ സ്ഥാനാർഥികളെയും ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയും 'ആപ്പ്' അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ ന്യൂ ഡൽഹി മണ്ഡലത്തിൽ നിന്നും നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന കൽക്കാജി മണ്ഡലത്തിലും നിന്നുമാണ് ജനവിധി തേടുക. അരവിന്ദ് കെജ്‌രിവാളിനെതിരായി കോൺഗ്രസ് രംഗത്തിറക്കുന്നത് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതിനെയാണ്. ബിജെപി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുൻ ഡൽഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വർമയുടെ മകൻ പർവേഷ് സാഹിബ് സിംഗ് ആകും കെജ്‌രിവാളിനെ നേരിടുക എന്നാണ് വിവരം.
Content Highlights: BJP releases book against kejriwals corruption before elections