ലഖ്നൗ: പാർലമെൻ്റിൽ പലസ്തീൻ അനുകൂലമായി മുദ്രാവാക്യം വിളിച്ചതിന് എഐഎംഐഎം (ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയ്ക്ക് സമൻസ് അയച്ച് യുപി കോടതി. ജനുവരി ഏഴിന് കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. അഭിഭാഷകനായ വീരേന്ദ്ര ഗുപ്ത നൽകിയ ഹർജിയിലാണ് നടപടി. അഞ്ച് തവണ എംപിയായ ഒവൈസി ഭരണഘടനാപരവും നിയമപരവുമായ വിശ്വാസങ്ങൾ ലംഘിച്ചുവെന്ന് ഹർജിയിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ജൂലൈ 12ന് എംപി-എംഎൽഎ കോടതിയിൽ ഹർജി നൽകിയെങ്കിലും അത് തള്ളിയതായി വീരേന്ദ്ര ഗുപ്ത അറിയിച്ചു. പിന്നീട് ജില്ലാ ജഡ്ജി സുധീർ ഹർജി അംഗീകരിക്കുകയും ജനുവരി ഏഴിന് ഒവൈസിയോട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ഹർജിക്കാരനായ വീരേന്ദ്ര ഗുപ്ത പറഞ്ഞു. ജൂൺ 25നാണ് അസദുദ്ദീൻ ഒവൈസി ഹൈദരാബാദ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ എന്നാണ് ഒവൈസി മുദ്രാവാക്യം വിളിച്ചത്. ജയ് പലസ്തീൻ എന്ന് പറഞ്ഞതിൽ എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് ബിജെപി രംഗത്തെത്തിയിരുന്നു. ജയ് പലസ്തീൻ എന്ന് താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് ആയിരുന്നു ഒവൈസിയുടെ പ്രതികരണം.
Content Highlights: UP court summons Asaduddin Owaisi for pro-Palestinian slogans in parliament