ഭോപാല്‍: മധ്യപ്രദേശില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ ജീവനക്കാരനെ തടഞ്ഞ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചെത്തിയ ജീവനക്കാരനെയായിരുന്നു ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരുടെ അതിക്രമം നടന്നത്. സാന്താക്ലോസ് വസ്ത്രത്തെകുറിച്ച് ചോദ്യംചെയ്തായിരുന്നു അക്രമികള്‍ രംഗത്തെത്തിയത്.ബൈക്കിലിരിക്കുന്ന യുവാവിനോട് സംഘം വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുന്നതിന്റെയുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ശ്രീരാമന്റെ വസ്ത്രം ധരിച്ച് ഭക്ഷണവിതരണം ചെയ്യാന്‍ വീടുകളിലെത്തുമോ എന്ന് സംഘത്തില്‍ ഒരാള്‍ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം. അത്തരത്തില്‍ പോകില്ലെന്നും ഇന്ന് സാന്താക്ലോസിന്റെ വസ്ത്രം ധരിച്ച് ഭക്ഷണം വിതരണം ചെയ്യണമെന്ന് കമ്പനി തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജീവനക്കാരന്‍ പ്രതികരിച്ചു. എന്നാല്‍ അക്രമികള്‍ വസ്ത്രം അഴിപ്പിക്കുകയായിരുന്നു.
വിതരണം ചെയ്യുന്നത് ഹിന്ദു ആധിപത്യമുള്ള പ്രദേശത്താണെന്നും അത്തരം മേഖലയിലേക്ക് പോകുമ്പോള്‍ സാന്താക്ലോസിന്റെ വസ്ത്രം ധരിക്കാന്‍ നിര്‍ദേശിക്കുന്നതിന്റെ ആവശ്യമെന്താണെന്നും ഹിന്ദുത്വവാദി നേതാവ് സുമിത് ഹര്‍ദിയപറഞ്ഞു. ഇത്തരം വസ്ത്രധാരണം ഹിന്ദു ആഘോഷങ്ങള്‍ അല്ലാതെയുളളവയില്‍ നടക്കുന്നത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
' ഇന്‍ഡോറിലും ഇന്ത്യയിലും ഹിന്ദു ഭൂരിപക്ഷമാണുള്ളത്. ആ സാഹചര്യത്തില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് വീടുകളിലേക്ക് ഡെലിവറി ഏജന്റുമാര്‍ക്ക് പ്രവേശനാനുമതി നല്‍കുന്നത് എന്തിനാണ്? ഹനുമാന്‍ജയന്തി, രാമനവമി ഉള്‍പ്പെടെയുള്ള ഹിന്ദുത്വ ആഘോഷങ്ങളില്‍ ഡെലിവറി ഏജന്റുമാര്‍ കാവി വസ്ത്രംധരിക്കുന്നില്ലല്ലോ,' സുമിത് ഹാര്‍ദിയ പറഞ്ഞു. സാന്താക്ലോസിന്റെ വസ്ത്രം ധരിക്കുന്നത് മതം മാറ്റത്തിന് പ്രേരണയുണ്ടാക്കുമെന്നും ഹാര്‍ദിയ കൂട്ടിച്ചേര്‍ത്തു.
A Zomato delivery man was stopped by Hindu Jagran Manch in Indore and asked to remove a Santa Claus attire. The delivery person tries to reason out that he needs to take a selfie with customers or else his ID will be blocked @zomato well? @zoo_bear pic.twitter.com/TNVNfzGhVI
— Veena Nair (@ve_nair) December 25, 2024
Content Highlight: Delivery man made to remove Santa costume: 'Ever wore saffron on Hindu festivals?'