ക്രിസ്മസ് ആഘോഷത്തിൻ്റെ നെറുകയിൽ ലോകം; വിശുദ്ധ കവാടം തുറന്ന് മാർപാപ്പ

സമാധാനത്തിന്റേയും സന്തോഷത്തിൻ്റെയും ക്രിസ്മസ് പുലരിയെ വരവേറ്റ് പള്ളികളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു

dot image

ന്യൂ ഡൽഹി: തിരുപ്പിറവി ഓർമ പുതുക്കി ലോകം ക്രിസ്മസ് ആഘോഷത്തിൽ. സമാധാനത്തിന്റേയും സന്തോഷത്തിന്റെയും ക്രിസ്മസ് പുലരിയെ വരവേറ്റ് പള്ളികളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു.

വ​ത്തി​ക്കാ​നിലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇരുപത്തിയഞ്ച് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാ​ൻ​സി​സ് മാർപാപ്പ തുറന്നു. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിന് തുടക്കമായി. ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് വിശുദ്ധ കവാടം തുറക്കൽ ചടങ്ങ് നടന്നത്. ഡിസംബർ 29ന് കത്ത്രീഡലുകളിലും, കോ- കത്രീഡലുകളിലും ബിഷപ്പുമാരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് 2025ലെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ തുറക്കും. നാളെയാണ് ചടങ്ങ്. ഒരു കാരാഗൃഹത്തിൽ വിശുദ്ധവാതിൽ മാർപ്പാപ്പ തുറക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.

അതേസമയം കേരളത്തിലും ക്രിസ്മസിനോട് ആഘോഷം പുരോഗമിക്കുകയാണ്. ക്രിസ്മസിന്റെ സന്തോഷം പങ്കിടാന്‍ സ്‌നേഹ മധുരവുമായി വൈദികര്‍ പാണക്കാട്ടെത്തി. മലപ്പുറം ഫാത്തിമ മാത ചര്‍ച്ചിലെ വികാരി ഫാ. സെബാസ്റ്റ്യന്‍ ചെമ്പും കണ്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ക്രിസ്മസ് കേക്ക് സമ്മാനവുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്. ഊരകം സെന്റ് അല്‍ഫോന്‍സാ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാദര്‍ ജോസഫ് പാലക്കാടനും പള്ളി ഭാരവാഹികളും സന്നിഹിതരായിരുന്നു. പാണക്കാട് സ്വാദിഖലി തങ്ങളാണ് അതിഥികളെ സ്വീകരണ മുറിയില്‍ സല്‍ക്കരിച്ചിരുത്തിയത്. ഇരുവരും ക്രിസ്തുമസ് ആശംസകള്‍ കൈമാറി.

ക്രിസ്ത്യന്‍ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിന്റെ ബന്ധം എടുത്തു പറഞ്ഞ തങ്ങള്‍ ഒരോവര്‍ഷവും ഈ കൂടിക്കാഴ്ചകള്‍ നല്‍കുന്ന സന്തോഷം ചെറുതല്ലെന്നും കൂട്ടിചേര്‍ത്തു. സമൂഹത്തില്‍ സാമുദായിക സൗഹാര്‍ദം നിലനിറുത്താന്‍ ഇത്തരം ഒരുമിച്ചു ചേരലും മധുരം പങ്കിടലും അനിവാര്യമാണെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. ഇന്ന് കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിക്കുമെന്നും സാദഖിലി തങ്ങള്‍ അറിയിച്ചു. എല്ലാവര്‍ഷവും ക്രിസ്തുമസ് പ്രമാണിച്ച് പാണക്കാട് സന്ദര്‍ശനം നടത്താറുണ്ടെന്നും മത സൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ പാണക്കാട് കുടുംബം വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും ഫാദര്‍ സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍ പറഞ്ഞു. പാണക്കാട്ടെ സന്ദര്‍ശനത്തിന് ശേഷം വൈദികര്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയും സന്ദര്‍ശിച്ചു സ്‌നേഹ സമ്മാനം കൈമാറി.

Content Highlights: World enetered into christmas celebrations

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us